കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണു മരിച്ചത്. ഇവരുടെ രണ്ടു പെൺമക്കൾക്കും വെട്ടേറ്റു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമികവിവരം.
ഭാര്യ സ്മിതയെയും രണ്ടുപെണ്‍മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ബേബി കിടപ്പുമുറിയിലെത്തി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ ഭിത്തിയില്‍ ബേബി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുടുംബവഴക്കാണ് ഇത്തരമൊരു കൃത്യത്തിന് കാരണമായതെന്നാണ് ഭിത്തിയില്‍ എഴുതിവെച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിവരികയാണ്.
വെട്ടേറ്റ സ്മിത തല്‍ക്ഷണം മരിച്ചതായാണ് വിവരം. വെട്ടേറ്റനിലയില്‍ കണ്ടെത്തിയ രണ്ടുമക്കളെയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് അറിയുന്നു.