ഫോർട്ട്കൊച്ചി: പുതുവര്‍ഷപ്പുലരിയെ വരവേറ്റ് രാജ്യത്തെ പ്രധാന പുതുവത്സരാഘോഷ കേന്ദ്രങ്ങളിലൊന്നായ ഫോര്‍ട്ട്കൊച്ചി. നാലേക്കറുള്ള പരേഡ് മൈതാനത്ത് തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി 80 അടി ഉയരത്തിൽ നിർമിച്ച പാപ്പാഞ്ഞിക്ക് തീകൊളുത്തിയതോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. ഈസമയം കൊച്ചി തുറമുഖത്തും വല്ലാർപാടം ടെർമിനലിലും നങ്കൂരമിട്ട കപ്പലുകൾ സൈറൺ മുഴക്കി. പോയകാലത്തിന്റെ പ്രതീകമായ കൂറ്റന്‍ പാപ്പാഞ്ഞിക്ക് തീകൊളുത്തിയതോടെ പുരുഷാരം ആര്‍പ്പുവിളികളോടെ പുതുവര്‍ഷത്തെ വരവേറ്റു. പരസ്പരം പുതുവർഷ ആശംസകൾ നേർന്നും നൃത്തമാടിയും ആഹ്ലാദം പങ്കുവെച്ചു. വിദേശികളടക്കം പതിനായിരങ്ങളാണ് പരേഡ് മൈതാനത്ത് തടിച്ചുകൂടിയത്. വിദേശികൾക്ക് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.
ഞായറാഴ്ച രാവിലെ മുതല്‍ വിവിധ പ്രദേശങ്ങളിൽനിന്നുള്ളവരാണ് ഫോർട്ട്കൊച്ചിയിൽ ഒഴുകിയെത്തിയത്. ദൂരസ്ഥലങ്ങളില്‍നിന്നുള്ളവര്‍ ശനിയാഴ്ചതന്നെ ഹോംസ്റ്റേകളിലും മറ്റും ഇടംപിടിച്ചിരുന്നു.
പാപ്പയുടെ വേഷമണിഞ്ഞ യുവാക്കളെ എങ്ങും കാണാമായിരുന്നു. ഫോര്‍ട്ട്കൊച്ചിയുടെ തെരുവോരങ്ങളിൽ സ്ഥാപിച്ചിരുന്ന ചെറുതരം പാപ്പാഞ്ഞികൾക്കും തീയിട്ടു. വൈകീട്ടുമുതൽ യുവാക്കളുടെ സംഘം തങ്ങളുടെ പ്രദേശങ്ങളിൽ ആട്ടവും പാട്ടുമായി കഴിഞ്ഞുകൂടുകയായിരുന്നു. പാപ്പാഞ്ഞിയെ നീക്കംചെയ്യണമെന്ന ഫോർട്ട്കൊച്ചി സബ് കലക്ടറുടെ ഉത്തരവിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഗാലാഡി ഫോർട്ട്കൊച്ചിയുടെ ഫോർട്ട്കൊച്ചി വെളി മൈതാനിയിലേക്കും ഇത്തവണ ആയിരങ്ങളാണ് പുതുവത്സരാഘോഷത്തിന് എത്തിയത്. ഇവിടെ ഒരുക്കിയ ഏഷ്യയിലെ ഏറ്റവും വലിയ നാച്വറൽ ക്രിസ്മസ് ട്രീയും കൂറ്റൻ പാപ്പയും സെൽഫി പോയൻറുകളും ആകർഷണീയമായിരുന്നു. കവലകളിലും ചെറിയ മൈതാനങ്ങളിലും വിവിധ ക്ലബുകളുടേയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ ഒരുക്കിയിരുന്നു.
പള്ളുരുത്തി മെഗാ കാര്‍ണിവല്‍ കമ്മിറ്റി നേതൃത്വത്തിൽ പള്ളുരുത്തിയിലും പുതുവർഷാഘോഷം നടന്നു. പള്ളുരുത്തി അർജുനൻ മാസ്റ്റർ മൈതാനിയിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്കും തീകൊളുത്തി. പള്ളുരുത്തിയിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനവും അർജുന ഗാനോത്സവവും ഉണ്ടാവും. ഇതോടെ ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ സമാപിക്കും.
40 വർഷമായി നടന്നുവരുന്ന കൊച്ചിൻ കാർണിവൽ പുതുവത്സരാഘോഷം ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 40ാമത് കാർണിവലിന് സമാപനംകുറിച്ച് തിങ്കളാഴ്ച വൈകീട്ട് നാലിന് ഫോര്‍ട്ട്കൊച്ചി വെളിയില്‍നിന്ന് റാലി ആരംഭിക്കും.