
കടൽക്ഷോഭത്തിൽ ചിതറിത്തെറിച്ച ജിയോബാഗുകൾ
വൈപ്പിൻ: കാലവർഷം എത്തിനിൽക്കെ കടുത്ത ഭീതിയിൽ തീരദേശ ജനത. മുൻ വർഷങ്ങളിൽ രൂക്ഷമായ കടൽക്ഷോഭം നേരിട്ട നായരമ്പലം വെളിയത്താംപറമ്പ്, എടവനക്കാട് പഴങ്ങാട്, അണിയിൽ എന്നിവിടങ്ങളിലെ ജനങ്ങളാണ് കാലവർഷം അടുക്കുന്നതോടെ ഭീതിയിൽ കഴിയുന്നത്. കടൽഭിത്തി പൂർണമായും തകർന്നുകിടക്കുന്ന നായരമ്പലത്ത് കടൽക്ഷോഭം രൂക്ഷമാകുമ്പോൾ സ്ഥാപിക്കാറുള്ള ജിയോബാഗ് താൽക്കാലിക ആശ്വാസം എന്നതിനപ്പുറം ഒരു സുരക്ഷയും ഉറപ്പാക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ വർഷം കടല്‍ക്ഷോഭത്തില്‍ തീരത്തോട് ചേർന്നും ദൂരെയുമായി നിരവധി വീടുകളിലാണ് വെള്ളം ഇരച്ചുകയറിയത്. വെള്ളം കെട്ടിനിന്ന് അടിഞ്ഞ ചളിയും മണ്ണും ദിവസങ്ങളോളം എടുത്താണ് പ്രദേശവാസികൾ നീക്കിയത്. കടൽഭിത്തി പൂർണമായും തകര്‍ന്നതിനാൽ കടല്‍ തീരത്തേക്ക് ആഞ്ഞടിക്കുകയായിരുന്നു. കടൽഭിത്തിയുടെ അടിയന്തര അറ്റകുറ്റപ്പണിയും ഇല്ലാത്ത സ്ഥലങ്ങളിലെ നിർമാണവുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
എടവനക്കാടിന് കടൽഭിത്തി നിർമാണത്തിന് 35 കോടി അനുവദിച്ചപ്പോൾ നായരമ്പലം തീരത്തെ അവഗണിച്ചതിൽ പ്രതിഷേധം ശക്തമാണ്. പുലിമുട്ട് നിർമാണം ശാസ്ത്രീയമായി നടത്തണമെന്ന ആവശ്യമാണ് എടവനക്കാട് തീരദേശവാസികൾ മുന്നോട്ടുവെക്കുന്നത്. തീരസംരക്ഷണം ഉറപ്പാക്കാൻ ചെല്ലാനം മോഡൽ ടെട്രോപോഡ് സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കഴിഞ്ഞ വർഷം കടൽക്ഷോഭത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഇവിടത്തെ വീടുകൾക്ക് സംഭവിച്ചത്. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തുടർച്ചയായ സമരങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും നീങ്ങിയതോടെ ഇടപെടലുകൾ ഉണ്ടായി. എന്നാൽ, അത് കാലതാമസം ഇല്ലാതെ നടപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ഓരോ വർഷവും കടൽക്ഷോഭ തീവ്രത കൂടുന്ന സാഹചര്യത്തിൽ വരുംമാസങ്ങളെ എങ്ങനെ അതിജീവിക്കും എന്ന ആശങ്കയിലാണ് ഇവിടത്തെ ജനങ്ങൾ.
കരയിലേക്ക് എത്തുന്ന വെള്ളം കിഴക്കോട്ട് ഒഴുകിപ്പോകാനുള്ള സൗകര്യമില്ലാത്തതും ഇരുപ്രദേശത്തെയും ദുരിതം ഇരട്ടിയാക്കുന്നുണ്ട്. നേരത്തേ ഇതിനായി കൈത്തോടുകളും മറ്റും ഉണ്ടായിരുന്നു. അതിൽ പലതും നികന്നുപോവുകയും നികത്തപ്പെടുകയും ചെയ്തു. അതിനും ശാശ്വത പരിഹാരം തീരദേശ ജനത ആവശ്യപ്പെടുന്നു.
+ There are no comments
Add yours