
ഫോർട്ട്കൊച്ചി: ബീച്ച് റോഡ് കടപ്പുറത്ത് കരയിൽ കയറ്റി വെച്ചിരുന്ന വള്ളവും വലയും പൂർണമായും കത്തി നശിച്ചു. ബീച്ച് റോഡ് ആർ.കെ കോളനിയിൽ പടിഞ്ഞാറേ വീട്ടിൽ ഡെയ്സന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളവും വലയുമാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കടൽ പ്രക്ഷുബ്ധമായതിനാൽ കഴിഞ്ഞ ഒരാഴ്ചയായി കടലിൽ പോകാൻ കഴിയാത്തതിനെ തുടർന്ന് വള്ളം കരയിൽ കയറ്റി വെച്ചിരിക്കുകയായിരുന്നു. ആറോളം പേർ തൊഴിലെടുക്കുന്ന വള്ളവും വലയുമാണ് കത്തി നശിച്ചത്. ആരെങ്കിലും പെട്രോൾ ഒഴിച്ച് കത്തിച്ചതാകാം എന്നാണ് ഉടമ ഡെയ്സൺ പറയുന്നത്. ഇക്കാര്യം ചൂണ്ടി കാട്ടി ഡെയ്സൺ തോപ്പുംപടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
+ There are no comments
Add yours