
സ്കൂൾ വിപണിയിൽ പഠനോപകരണങ്ങൾ വാങ്ങാനെത്തിയവർ. ഫോട്ടോ; രതീഷ് ഭാസ്കർ
കൊച്ചി: യൂനികോണിന്റെയും സ്പൈഡർമാന്റെയും കാർട്ടൂണുള്ള ബാഗുണ്ട്, രണ്ടു മൂടിയും പുഷ്ബട്ടണും കാരി ഹാൻഡിലുമൊക്കെയുള്ള വെള്ളക്കുപ്പിയുണ്ട്, ഒറ്റനോട്ടത്തിൽ ബർഗർ ആണെന്ന് തോന്നുന്ന ചോറ്റുപാത്രമുണ്ട്, ഇരുവശത്തും കൊമ്പുള്ള മനോഹര പ്രിൻറുകളുള്ള വർണക്കുടകളുണ്ട്… പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ വൈവിധ്യങ്ങളുടെയും ട്രെൻഡുകളുടെയും നിറംപകരുന്ന ഇനങ്ങളുമായി സ്കൂൾ വിപണിയിൽ തിരക്കേറി.
ജൂൺ രണ്ടിനാണ് ഇത്തവണ സ്കൂൾ തുറക്കുന്നത്. മൂന്നാഴ്ചയിലേറെ ബാക്കിയുണ്ടെങ്കിലും ബാഗും കുടയും നോട്ട്ബുക്കും ചോറ്റുപാത്രവും പേനയും പെൻസിലുമെല്ലാം ദിവസങ്ങൾക്കുമുമ്പേ റെഡിയാക്കി വെക്കാനുള്ള ആവേശമാണ് കുരുന്നുകൾക്ക്. എന്നാൽ, സ്കൂൾവിപണിയിൽ കഴിഞ്ഞ വർഷത്തേക്കാൾ സാധനങ്ങൾക്കെല്ലാം വില വർധിച്ചത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നുണ്ട്.
ബാഗെല്ലാം ബ്യൂട്ടിഫുൾ
ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രത്തിന്റെ ഡിസൈനുള്ള ബാഗുകൾ മുതൽ മുകളിൽ അടുത്തടുത്തായി രണ്ട് ചെറിയ അറകളുള്ള കൊറിയൻ ബാഗുകൾ വരെ വിൽപനയിലെ താരങ്ങളാണ്. 500 രൂപ മുതൽ 1500 രൂപ വരെയുള്ള ബാഗുകൾ ഉണ്ട്. ബ്രാൻഡഡ് ബാഗുകളാണെങ്കിൽ പിന്നെയും വില വർധിക്കും. ഡോറ ബുജി, ബെൻടെൻ, മിക്കിമൗസ്, യൂനികോൺ, സ്പൈഡർമാൻ, സൂപ്പർമാൻ, ബാർബി തുടങ്ങിയ കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങൾ തന്നെയാണ് അന്നുമിന്നും ബാഗുകളിലെ താരങ്ങളെന്ന് എറണാകുളം ബ്രോഡ്വേയിലെ കച്ചവടക്കാർ പറയുന്നു. കുരുന്നു മക്കൾക്ക് കാർട്ടൂൺ കുടകളാണ് പ്രിയം. 400 രൂപ മുതൽ കുട്ടികളുടെ കുട കിട്ടും. 300 മുതൽ വില വരുന്ന റെയിൻകോട്ട് വാങ്ങാനെത്തുന്നവരുമുണ്ട്.
നോട്ട്ബുക്കിലുമുണ്ട് വൈവിധ്യങ്ങളുടെ വിസ്മയം. മുമ്പത്തേതുപോലെ സാധാരണ നോട്ട്ബുക്കിൽനിന്ന് വ്യത്യസ്തമായി ഡയറിയുടെ രൂപത്തിലുള്ള ആകർഷകമായ പുറംചട്ടയും മറ്റുമുള്ള നോട്ട്ബുക്കുകളും വിപണിയിലുണ്ട്. സാധാരണ രൂപത്തിലുള്ള ടിഫിൻ ബോക്സുകൾ 200 രൂപ മുതൽ കിട്ടും. സാധാരണ വെള്ളക്കുപ്പിക്ക് കുറഞ്ഞത് 100 രൂപ നൽകണം. ബ്രാൻഡും ഗുണനിലവാരവും കൂടുന്നതനുസരിച്ച് എല്ലാത്തിനും വില കൂടും.
ഓഫറുകളുടെ പെരുമഴ
പല കടകളിലും സ്കൂൾ വിപണിയിൽ ഓഫറുകളുടെയും ഡിസ്കൗണ്ടിന്റെയും പൊടിപൂരമാണ്. ഒരേ ഉൽപന്നങ്ങൾ ഒന്നിലധികം എടുത്താൽ വില കുറച്ചുകിട്ടും. കൂടാതെ, നിശ്ചിത തുകക്ക് പർച്ചേസ് ചെയ്താലും ചെറിയ സമ്മാനങ്ങളും ഡിസ്കൗണ്ടും നൽകി വ്യാപാരികൾ വിപണിയിൽ മത്സരം തീർക്കുകയാണ്.
ഒരുവർഷത്തിലെ ബാഗ്, കുട വിൽപനയുടെ മികച്ച സീസണാണ് മേയിലെ അവസാന ആഴ്ചകളിലേത് എന്നതിനാൽ കൂടുതൽ പേരെ വിപണിയിലേക്കെത്തിക്കാനായാണ് പല തന്ത്രങ്ങളുമായി കച്ചവടക്കാർ രംഗത്തുള്ളത്.
ഷോപ്പിങ് മാൾ മുതൽ വഴിയോരത്തുവരെ
കൊച്ചി നഗരത്തിലെയുൾപ്പെടെ വൻകിട ഷോപ്പിങ് മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും സ്കൂൾ വിപണിക്കായി മാത്രം പ്രത്യേക ഇടങ്ങൾ ഒരുങ്ങിയിട്ടുണ്ട്. മനോഹരമായി മോടി പിടിപ്പിച്ചും ബാക്ക് ടു സ്കൂൾ തീമിൽ അലങ്കരിച്ചുമാണ് ഇവിടങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുന്നത്.
നാട്ടിൻപുറങ്ങളിലെ ചെറിയ മിനി മാർട്ടുകളിലും സൂപ്പർ മാർക്കറ്റുകളിലും നിലവിൽ നല്ലൊരുഭാഗവും സ്കൂൾ വിപണി ക്രമീകരിക്കാനായാണ് നീക്കിവെച്ചിട്ടുള്ളത്. ഇതു കൂടാതെ, ബ്രോഡ്വേയിലുൾപ്പെടെ വഴിയോര സ്കൂൾ വിപണിയിലും തിരക്കേറുകയാണ്. കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ കിട്ടുമെന്നതാണ് വഴിയോര വിപണിയുടെ പ്രത്യേകത. ചിലയിടങ്ങളിൽ സഹകരണ സംഘങ്ങളും സൊസൈറ്റികളും കൂട്ടായ്മകളും മുൻകൈയെടുത്ത് സ്കൂൾ വിപണി ആരംഭിച്ചിട്ടുണ്ട്.
+ There are no comments
Add yours