
പെരുമ്പാവൂർ: വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള ജോലി ഒഴിവില്‍ നടന്ന ഇന്റര്‍വ്യൂ എല്‍.ഡി.എഫ് നേതാക്കള്‍ തടസ്സപ്പെടുത്തിയതായി യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങള്‍ ആരോപിച്ചു. ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവന്നിരുന്ന ഫാര്‍മസിസ്റ്റ്, പാലിയേറ്റിവ് കെയര്‍ ഡ്രൈവര്‍, ഗ്രേഡ് -2 ക്ലീനിങ് സ്റ്റാഫ് എന്നിവരുടെ സേവന കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഈ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്താൻ ഏപ്രില്‍ 23ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
മേയ് രണ്ടിന് വാക്-ഇൻ ഇന്റര്‍വ്യൂ നടത്താനാണ് നിശ്ചയിച്ചത്. വെള്ളിയാഴ്ച ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ നിരവധി ഉദ്യോഗാര്‍ഥികള്‍ എത്തിയിരുന്നു. ഇന്റര്‍വ്യൂ തുടങ്ങിയ ഉടന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് ഹാളിലേക്ക് തള്ളിക്കയറി തടസ്സപ്പെടുത്തിയെന്ന് യു.ഡി.എഫ് അംഗങ്ങള്‍ പറയുന്നു. തുടര്‍ന്ന് വാതില്‍ അടച്ച് കുത്തിയിരുന്നതു മൂലം ഹാളില്‍ ഉള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെ വന്നു.
സി.പി.എം പെരുമ്പാവൂര്‍ ഏരിയ സെക്രട്ടറി സി.എം. അബ്ദുല്കരീമിന്റ നേതൃത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും യു.ഡി.എഫ് ചെയര്മാന് ഷെമീര്‍ തുകലില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഷറഫ് തേനൂര്‍, മുസ്ലിം ലീഗ് നേതാവ് കെ.കെ. ഷാജഹാന് എന്നിവരുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ പ്രശ്നം സഘര്ഷാവസ്ഥയിലേക്ക് നീങ്ങയതോടെ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന ജൂനിയര്‍ സൂപ്രണ്ട് അറിയച്ചതുനുസരിച്ച് പൊലീസ് സ്ഥലത്തെത്തി.
ഉദ്യോഗാര്‍ഥികളെയും ഉദ്യോഗസ്ഥരെയും സി.പി.എം പ്രവര്‍ത്തകര്‍ ഭീക്ഷണിപ്പെടുത്തി മടക്കി അയച്ചതായി യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. താല്‍ക്കാലിക ജീവനക്കാരെ തെരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂവാണ് ഏരിയ സെക്രട്ടറിയുടെയും ലോക്കല്‍ സെക്രട്ടറിമാരുടെയും നേതൃത്വത്തില്‍ തടസ്സപ്പെടുത്തിയതെന്ന് വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.എം. അബ്ദുല്‍ അസീസ്, വിനിത ഷിജു, നുസ്രത്ത് ഹാരിസ്, അംഗങ്ങളായ സുധീര്‍ മുച്ചേത്ത്, തമ്പി കുര്യാക്കോസ്, അഷറഫ് ചീരേക്കാട്ടില്‍, ഫൈസല്‍ മനയില്‍, ഷുക്കൂര്‍ പാലത്തിങ്കല്‍, നൗഫി കരീം, സുഹറ കൊച്ചുണ്ണി എന്നിവര്‍ ആരോപിച്ചു. മാറ്റിവെച്ച ഇന്റര്‍വ്യൂ ഈമാസം 12ന് നടത്താന്‍ തീരുമാനിച്ചതായി അംഗങ്ങള്‍ അറിയിച്ചു.
+ There are no comments
Add yours