
ഫോർട്ട്കൊച്ചി: കേരളത്തിലെ സുരക്ഷിത കടൽത്തീരങ്ങളുടെ പട്ടികയിൽ ഫോർട്ട്കൊച്ചി ബീച്ചിന്റെ സ്ഥാനം താഴേക്ക് ഇടിയുന്നു. വിവിധ ട്രാവൽ ബ്ലോഗുകളും ടുറിസം ഏജൻസികളും പ്രസിദ്ധീകരിക്കുന്ന സുരക്ഷിത കടൽത്തീര പട്ടികയിലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള ഫോർട്ട് കൊച്ചി കടൽത്തീരം പത്താം സ്ഥാനത്തേക്ക് പതിച്ചത്.
ആഗോള ടൂർ ഗൈഡ് ബ്ലോഗുകളിലും കൊച്ചി തീരം സുരക്ഷിത പട്ടികയിൽ പത്താം സ്ഥാനത്താണ്. ഒരു കാലത്ത് സഞ്ചാരികളുടെ പറുദീസ എന്ന് വിശേഷിപ്പിച്ചിരുന്ന തീരമാണ് സംസ്ഥാന പട്ടികയിൽ പോലും താഴേക്ക് പോകുന്നത്. നീണ്ട 444 വർഷങ്ങളിലായി മൂന്ന് പാശ്ചാത്യ രാജ്യങ്ങളുടെ അധിനിവേശ ചരിത്രം പേറുന്ന ഒട്ടേറെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച തീരം സഞ്ചാരികളുടെ ഇഷ്ട തീരമായിരുന്നു. തീരം കടലെടുത്തതോടെയാണ് പഴയ പ്രൗഢി നഷ്ടപ്പെട്ട് തുടങ്ങിയത്.
പിന്നീട് ഭരണാധികാരികളുടെ അവഗണനയും പ്രതാപം ക്ഷയിപ്പിച്ചു. ഒട്ടേറെ ടൂറിസം സാധ്യതയുള്ള മേഖലക്ക് അർഹമായ പരിഗണന അധികൃതർ നൽകാത്തതാണ് ഇതിന് കാരണമെന്ന് ടൂറിസം രംഗത്തുള്ളവർ പറയുന്നു. സുരക്ഷിതത്വം, ശുചിത്വ സംരക്ഷണം തുടങ്ങി വിവിധ ഘടകങ്ങളുടെ പോരായ്മകളാണ് കൊച്ചി തീരത്തിന് തിരിച്ചടിയായതെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
തീരത്തെ നായ്ക്കൂട്ടം, കന്നുകാലി ശല്യം, വിദേശ സഞ്ചാരികൾ നേരിടുന്ന അപകടങ്ങൾ, മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന കാഴ്ചകൾ എന്നിവ കടപ്പുറത്തിന്റെ ശോഭ കെടുത്തുന്ന ഘടകങ്ങളാണ്. വൃത്തിഹീനമായ തീരം കാണാൻ സഞ്ചാരികളും താൽപര്യം പ്രകടിപ്പിച്ചില്ല. സീറോ വേസ്റ്റ് തീരം പദ്ധതിയടക്കം ഒട്ടേറെ ശുചിത്വ പരിപാടികളും കോടികളുടെ നവീകരണപദ്ധതികളും നടപ്പാക്കിയെങ്കിലും അതെല്ലാം വെള്ളത്തിൽ വരക്കുന്നത് പോലെയായെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
+ There are no comments
Add yours