‘ഞാൻ നാടുവിട്ടു എന്നാണ് പറയുന്നത്, എന്തുവാ അവരുദ്ദേശിക്കുന്നത്? ഞങ്ങളിവിടെ തന്നെയുണ്ട്…’ -കഞ്ചാവ് കേസിൽ എസ്.എഫ്.ഐ ആരോപണം തള്ളി ആദിലും അനന്തുവും

കൊച്ചി: കളമശ്ശേരി പോളിടെക്നിക് മെൻസ് ഹോസറ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രാദേശിക നേതൃത്വം ഉന്നയിച്ച ആരോപണം തള്ളി കോളജ് വിദ്യാർഥികളായ കെ.എസ്.യു പ്രവർത്തകർ. തങ്ങൾ ഒളിവിൽ പോയിട്ടി​ല്ലെന്നും നാടുവിട്ടിട്ടില്ലെന്നും കെ.എസ്.യു പ്രവർത്തകരായ അനന്തുവും ആദിലും മാധ്യമങ്ങളോട് പറഞ്ഞു.

കഞ്ചാവ് വെച്ചത് അനന്തുവും ആദിലുമാണെന്നും ഇവർ നാടുവിട്ടെന്നുമായിരുന്നു എസ്.എഫ്.ഐ കളമശേരി ഏരിയാ പ്രസിഡൻറ് ദേവരാജ് ആരോപിച്ചത്. ഇരുവരുടെയും മുറിയിൽനിന്നാണ് കഞ്ചാവ് പിടിച്ചതെന്നും ദേവരാജ് ആരോപിച്ചിരുന്നു. കഞ്ചാവുമായി പിടിയിലായ എസ്.എഫ്.ഐ നേതാവും കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയുമായ കരുനാഗപ്പള്ളി സ്വദേശി അഭിരാജിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു​. ഇതേക്കുറിച്ച് വിശദീകരിക്കവേയാണ് ​കഞ്ചാവിന് പിന്നിൽ കെ.എസ്.യു പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചത്. വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്

എന്നാൽ, എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്ന് ആദിൽ പറഞ്ഞു. ‘ഞാൻ നാടുവിട്ടു എന്നാണ് പറയുന്നത്, എന്തുവാ അവരുദ്ദേശിക്കുന്നത്? ഞങ്ങളിവിടെ തന്നെയുണ്ട്. ഞാൻ ഭക്ഷണം കഴിക്കാൻ പുറത്തുപോയതാണ്. അനന്തു ഇവി​ടെ താമസിക്കുന്നയാളല്ല. കെ.എസ്.യു ബാനറിൽ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനാർഥിയായി മത്സരിച്ചതിന്റെ രാഷ്ട്രീയ പകപോക്കലാണ് അവർ ചെയ്യുന്നത്. ഹോസ്റ്റൽ റൂം എപ്പോഴും പൂട്ടാറില്ല. നാട്ടിൽ പോകുമ്പോഴാണ് പൂട്ടുന്നത്. അറസ്റ്റിലായ ആകാശ് ക‍ഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയല്ല, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്’ -ആദിൽ പറഞ്ഞു.

അതേസമയം, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് എസ്.എഫ്.ഐ നേതാക്കൾ വ്യക്തമാക്കി. തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടിച്ചെടുത്തതെന്നും ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തന്നെ കുടുക്കിയതാണെന്നും അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം പൊലീസിന്റെ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്.

പൊലീസിന്റെ ആദ്യത്തെ എഫ്.ഐ.ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശിനെയാണ് (21) പ്രതി ചേർത്തത്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. ഒരു കിലോയിലധികം കഞ്ചാവ് കണ്ടെടുത്തതിനാൽ ആകാശിന് സ്റ്റേഷൻ ജാമ്യം ലഭിച്ചില്ല. രണ്ടാമത്തെ എഫ്.ഐ.ആറിൽ എസ്.എഫ്.ഐ നേതാവ് അഭിരാജ്(21), ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. അളവിൽ കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.

റെയ്ഡിനായി പൊലീസ് എത്തിയ​തോടെ ചില വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോസ്റ്റലിൽ കഞ്ചാവ് വിൽപനക്കായി എത്തിച്ചുവെന്നാണ് സംശയിക്കുന്നത്. ചെറിയ പാക്കറ്റുകളിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്. കേരളത്തെ നടുക്കി കോളജ് ഹോസ്റ്റലിൽനിന്ന് ഇതാദ്യമായാണ് ഇത്രയേറെ കഞ്ചാവ് ശേഖരം പിടികൂടുന്നത്.

You May Also Like

More From Author

+ There are no comments

Add yours