മദ്യലഹരിയിൽ മകൻ അച്ഛനെ ചവിട്ടിക്കൊന്നു

പെരുമ്പാവൂർ: മദ്യലഹരിയിൽ പിതാവിനെ മകൻ ചവിട്ടിക്കൊന്നു. ഒക്കൽ പഞ്ചായത്തിലെ ചേലാമറ്റം നാല് സെന്റ് കോളനിയിൽ കിഴക്കുംതല വീട്ടിൽ ജോണിയാണ് (69) മരിച്ചത്. സംഭവത്തിൽ ജോണിയുടെ മകൻ മെൽജോയെ (35) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ക്ഷയരോഗ രോഗബാധിതനായി കിടപ്പിലായിരുന്നു ജോണി. ബുധനാഴ്ച രാത്രി ഒമ്പതരയോടെ പിതാവിന് അനക്കമില്ലെന്ന് പറഞ്ഞ് മെൽജോ തൊട്ടടുത്തുള്ള സഹോദരി മെൽജിയുടെ വീട്ടിലെത്തുകയായിരുന്നു. മെൽജി പിതാവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ജോണിയുടെ രണ്ട് വാരിയെല്ലുകൾക്കും ഒടിവ് സംഭവിച്ചതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.

ഇതിനിടെ പിതാവിനെ കൊന്നതാണെന്ന് സംശയം പ്രകടിപ്പിച്ചതിന്റെ വൈരാഗ്യത്തിൽ സഹോദരിയുടെ വീടിന് നേരെ മെൽജൊ ആക്രമണം നടത്തിയിരുന്നു. പൊലീസ് മെൽജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിൽ താൻ പിതാവിനെ ചവിട്ടിയതായി സമ്മതിക്കുകയായിരുന്നു.

ജോണിയുടെ ഭാര്യ: മേരി. മരുമകൻ. ഷൈജു. മെൽജൊ അവിവാഹിതനാണ്.

You May Also Like

More From Author

+ There are no comments

Add yours