
മലമുറിയില്‍ മണ്ണെടുത്ത സ്ഥലം
പെരുമ്പാവൂര്‍: മണ്ണെടുപ്പിന്റെ പേരില്‍ മലമുറി മലയില്‍ നിന്ന് പാറ പൊട്ടിക്കാനുളള നീക്കം തടഞ്ഞു. ശനിയാഴ്ച രാവിലെ രായമംഗലം പഞ്ചായത്ത്, പൊലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് മണ്ണെടുപ്പ് തടഞ്ഞത്. പെരുമ്പാവൂര്‍ ബൈപാസിന് വേണ്ടിയെന്ന പേരില്‍ ഒരുമാസം മുമ്പ് തുടങ്ങിയ മണ്ണെടുപ്പ് തുടക്കത്തിലേ വിവാദത്തിലായിരുന്നു.
കൂവപ്പടി പഞ്ചായത്തിലെ റൈസ് മില്ലിന് അനുവദിച്ച പാസിന്റെ മറവിലാണ് രായമംഗലം പഞ്ചായത്തിലെ മലമുറിയില്‍ നിന്ന് മണ്ണെടുക്കുന്നത്. പ്രതിഷേധവുമായി എത്തിയ നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവമുണ്ടായി. ബൈപാസിന്റെ പേരിലാണ് മണ്ണെടുക്കുന്നതെങ്കിലും വ്യാപകമായി മറ്റ് ആവശ്യങ്ങള്‍ക്ക് കൊണ്ടുപോകുന്നതായി നാട്ടുകാര്‍ പറയുന്നു. മണ്ണെടുപ്പിനെതിരെ മലമുറി മല സംരക്ഷണ സമിതി കോടതിയെ സമീപിച്ചിരുന്നു. മണ്ണെടുത്ത ഭാഗത്ത് അവശേഷിക്കുന്നത് കൂറ്റന്‍ പാറകളാണ്. ഇനി പാറ പൊട്ടിച്ചുനീക്കിയാല് മാത്രമേ മണ്ണെടുപ്പ് തുടരാനാകൂ എന്ന സ്ഥിതിയാണുളളത്. അതേസമയം പാറ പൊട്ടിക്കുന്നതിന് അനുമതിയില്ല. ഇതേ തുടര്‍ന്നാണ് കോടതി മണ്ണെടുപ്പും ഖനനവും നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചത്. ജയകേരളം സ്കൂളിന് പിന്നിലെ മല ‘ജയകേരളം മല’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
വിളിപ്പാടകലെ സ്കൂളും നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്. നാട്ടുകാരുടെ പ്രതിഷേധം മറികടന്നാണ് നാടിന്റെ ജലസംഭരണിയായി നിലകൊള്ളുന്ന മലയിടിച്ച് മണ്ണെടുക്കുന്നത്. മണ്ണെടുപ്പ്, ജലക്ഷാമം രൂക്ഷമാക്കുമെന്നും വര്‍ഷ കാലത്ത് മണ്ണിടിച്ചിലും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.