
പെരുമ്പാവൂര്‍: മേഖലയില്‍ തുടര്‍ച്ചയായി കുടിവെള്ള വിതരണം തടസ്സപ്പെടുന്നത് ജനജീവിതത്തെ ബാധിക്കുന്നു. കഴിഞ്ഞയാഴ്ച നാലുദിവസം കുടിവെള്ളം മുടങ്ങി. ഈ ആഴ്ചയിലും വിതരണം ഭാഗികമാണ്.
കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റുന്ന ജോലികള്‍ നടക്കുന്നതാണ് വിതരണം തടസ്സപ്പെടാന്‍ കാരണം. ഓഫിസുമായി ബന്ധപ്പെടുന്നവരോട് ‘ടാങ്ക് വൈകീട്ട് തുറക്കും, വെള്ളം ഉടൻ വരും’ എന്നുപറഞ്ഞ് കൈയൊഴിയുന്നതല്ലാതെ കൃത്യമായ വിശദീകരണം നല്കാന് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ആവശ്യമായ മുന്നൊരുക്കങ്ങളും ബദല്‍ സംവിധാനങ്ങളും ഒരുക്കാതെ ജോലികള്‍ നടത്തുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. നഗരത്തിലും സമീപ സ്ഥലങ്ങളിലെയും വീടുകളെയും സ്ഥാപനങ്ങളെയും ഇത് സാരമായി ബാധിക്കുകയാണ്.
ഹോട്ടലുകളും ബേക്കറികളും ഉള്‍പ്പെടെ ഭക്ഷണശാലകള്‍ വെള്ളമില്ലാത്തതുമൂലം പ്രതിസന്ധിയിലാണ്. വാടകമുറികളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍പോലും അടച്ചിടേണ്ട ഗതികേടിലാണ്.
നഗരത്തിലെ മാത്രം പൊട്ടിയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെങ്കില്‍ മാസങ്ങളെടുക്കും. പരിചയസമ്പന്നരല്ലാത്ത ജോലിക്കാരെ െവച്ചാണ് പണികള്‍ നടത്തുന്നത്. ഒരിടത്ത് വെട്ടിപ്പൊളിച്ചിട്ടാല് ആ ഭാഗത്തെ ജോലികള്‍ തീര്‍ക്കാതെ മറ്റ് ഭാഗങ്ങളിൽ പൊളിക്കുന്ന തരത്തിലാണ് പണികള്‍. പല സ്ഥലങ്ങളിലും പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് പ്രശ്നമാണ്.
നഗരസഭ പരിധിയിലെ ജോലികള്‍ക്ക് പുറമെ വെങ്ങോല പഞ്ചായത്തിലേക്ക് പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികളും തീര്‍ക്കേണ്ടതുണ്ട്. ഈ പണികള്‍കൂടി തുടങ്ങുന്നതോടെ കുടിവെള്ളവിതരണം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍.
നഗരസഭയുടെ ഒന്ന്, 24, 26, 27 വാര്‍ഡുകളില്‍ വരുന്ന വല്ലം, റയോണ്‍പുരം, കൊച്ചങ്ങാടി, സൗത്ത് വല്ലം പ്രദേശങ്ങളില്‍ ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയില്‍നിന്ന് പുറന്തള്ളപ്പെട്ട മാരക രാസപദാര്‍ഥങ്ങളും ആസിഡും ഭൂമിയില്‍ അലിഞ്ഞുചേര്‍ന്നതിനാല്‍ കിണറുകള്‍ ഉപയോഗശൂന്യമാണ്. ഇവരുടെ ഏക ആശ്രയമാണ് ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം.