
മൂവാറ്റുപുഴ : കാർ പാർക്കിങ്ങിന് സൗകര്യം നൽകിയില്ലെന്നാരോപിച്ച് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുവനന്തപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ചേർത്തല ചിറ്റേഴത്തുവേലി ഷഫീഖിനെയാണ് മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച രാവിലെ 9.30ഓടെ പേഴയ്ക്കാപ്പിള്ളി സബയ്ൻ ആശുപത്രിയിലാണ് സംഭവം. പരിക്കേറ്റ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരായ പുനലൂർ സ്വദേശി സനിൽ കുമാർ, വയനാട് സ്വദേശി വി.കെ. അനീഷ് എന്നിവരെ കോലഞ്ചേരിയിലും മൂവാറ്റുപുഴയിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ചികിത്സക്കായാണ് ഷഫീഖ് കാറിൽ ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിലെ പ്രവേശന കവാടത്തിന് സമീപം തന്നെ കാർ പാർക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ സുരക്ഷ ഉദ്യോഗസ്ഥർ ഇതുതടഞ്ഞതാണ് പ്രകോപനം സൃഷ്ടിച്ചത്.
സമീപത്തുള്ള മറ്റൊരു പാർക്കിങ് ഏരിയയിലേക്ക് വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ ഇയാൾ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിന് മുമ്പും സമാനമായ വിധത്തിൽ പാർക്കിങ്ങിനെ ചൊല്ലി സുരക്ഷ ജീവനക്കാരെ ഇയാൾ ആക്രമിച്ചിരുന്നതായി ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. സബൈൻ ശിവദാസ് പറഞ്ഞു.
