
മട്ടാഞ്ചേരി: കാൽ ലക്ഷം രൂപ യൂസർ ഫീ ഈടാക്കുന്നതിന് പുറമേ കാൽ ലക്ഷം രൂപ ക്ഷേമനിധി വിഹിതം കൂടി അടക്കണമെന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനം കൊച്ചി ഫിഷറീസ് ഹാർബറിലെ ഇതര സംസ്ഥാന ബോട്ടുകളുടെ പ്രവർത്തനം അവതാളത്തിലാക്കുന്നു. യൂസർ ഫീയായി 25,000 രൂപയാണ് തുത്തൂർ, ചിന്നതുറ, വളളുവിള എന്നിവിടങ്ങളിലേതടക്കമുളള ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾ അടച്ചിരുന്നത്.
നേരത്തേ ഈ തുക ക്ഷേമനിധയിലേക്കാണ് അടച്ചിരുന്നത്. എന്നാൽ 2022ൽ ഫിഷറീസ് വകുപ്പ്, തുക ക്ഷേമ നിധിയിലേക്ക് അല്ലെന്നും യൂസർ ഫീയാണെന്നും അറിയിച്ചു. ഇരുട്ടടിയായി ഇപ്പോൾ യൂസർ ഫീക്ക് പുറമേ 25,000 രൂപ ക്ഷേമ നിധിയിലേക്കും അടക്കണമെന്നും അല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നുമാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. ഇന്ധന വിലവർധനവും മത്സ്യ ലഭ്യതക്കുറവും മൂലം ബോട്ടുകൾ പ്രതിസന്ധി നേരിടുന്ന ഘട്ടമാണ്. 50,000 രൂപ നൽകി ബോട്ടുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യമല്ലെന്നാണ് ഹാർബറിലെ ബയിങ് ഏജന്റുമാരും തൊഴിലാളികളും പറയുന്നത്.
അഞ്ഞൂറോളം ബോട്ടുകൾ നേരത്തേ പ്രതിമാസം കൊച്ചി ഹാർബറിൽ കയറിയിരുന്നെങ്കിൽ ഇപ്പോൾ നൂറിൽ താഴെ ബോട്ടുകൾ മാത്രമാണ് കയറുന്നത്. ബോട്ടുകൾ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്ന സാഹചര്യമാണ്. അവിടെ ഈ ബോട്ടുകൾക്ക് ഡീസൽ സബ്സിഡിയും മറ്റ് വിവിധ ആനുകൂല്യങ്ങളും നൽകുന്നുമുണ്ട്. അയൽ സംസ്ഥാന ബോട്ടുകൾ കേന്ദ്രീകരിച്ച് പ്രത്യക്ഷമായും പരോക്ഷമായും 25,000 പേരാണ് ഉപജീവനം നടത്തിവരുന്നത്. നിരവധി കയറ്റുമതി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
മട്ടാഞ്ചേരി ബസാർ, കൊച്ചി തുറമുഖം എന്നീ കേന്ദ്രങ്ങളിൽ തൊഴിലുകൾ കുറഞ്ഞതോടെ കൊച്ചി ഹാർബറാണ് നാട്ടിലെ പ്രധാന ഉപജീവന മാർഗം. ബോട്ടുകളുടെ ക്ഷേമനിധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ ഹാർബർ പ്രതിനിധി സംഘം ഫിഷറീസ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി. ഈ മാസം 11നകം യോഗം വിളിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. ബയിങ് ഏജന്റ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് എ.എം. നൗഷാദ്, സി.ബി. റഷീദ്, പി.എസ്. ഹംസക്കോയ, അഷ്ക്കർ, അൻവർ എന്നിവരും തൊഴിലാളി യൂനിയനെ പ്രതിനിധീകരിച്ച് കെ.എം. റിയാദ്, വി.എം. യൂസഫ്, വി.എ. ഹാഷിം, സി.എച്ച്. ബാബു, കെ.എച്ച്. സുധീർ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.