
കൊച്ചി: ഒന്നുകിൽ നോ പാർക്കിങ്, അല്ലെങ്കിൽ പേ ആൻഡ് പാർക്ക്. ഇങ്ങനെ രണ്ട് ബോർഡുകളില്ലാത്ത ഇടമേതുമില്ല കൊച്ചി നഗരത്തിൽ. കൊച്ചിയിൽ മാത്രമല്ല, ആലുവ, കാക്കനാട്, മൂവാറ്റുപുഴ, മട്ടാഞ്ചേരി, കോതമംഗലം തുടങ്ങി ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇതുതന്നെ സ്ഥിതി. ആവശ്യത്തിന് പാർക്കിങ് ഇടമില്ലാതെ നട്ടം തിരിയുകയാണ് വാഹന യാത്രികർ.
കൊച്ചി നഗരത്തിലെ തിരക്കേറിയ എം.ജി റോഡ്, മേനക, കലൂർ, കടവന്ത്ര, സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ ഇവിടങ്ങളിലെല്ലാം പേ പാർക്കിങ് സൗകര്യങ്ങൾ മാത്രമേയുള്ളൂ. എന്നാൽ, നോ പാർക്കിങ് ബോർഡുകൾ അവഗണിച്ച് ബോർഡിനു മുന്നിൽതന്നെ കിടക്കുന്ന വാഹനങ്ങൾപോലും നിരവധി കാണാം. അനധികൃത പാർക്കിങ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും ചില്ലറയല്ല.
വണ്ടിയും കൊണ്ട് വരാൻ മടി
‘‘എറണാകുളത്തേക്ക് എന്തെങ്കിലും ആവശ്യത്തിന് കാർ എടുത്ത് വരാൻ മടിയാണ്. വന്നാൽ എവിടെ പാർക്ക് ചെയ്യുമെന്നതാണ് ഏറ്റവും വലിയ തലവേദന. നോക്കുന്നിടത്തെല്ലാം നോ പാർക്കിങ്ങാണ്. പിന്നെ ഓരോ മണിക്കൂറിനും കാശ് കൊടുത്ത് സ്വകാര്യ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം’’. പള്ളിക്കര സ്വദേശിയായ യുവാവ് ചൂണ്ടിക്കാണിക്കുന്നു. ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല, ജില്ലയിൽ നാൾക്കുനാൾ വാഹനങ്ങളുടെ പെരുപ്പമാണ്. എന്നാൽ, അതിനനുസരിച്ച് പാർക്കിങ് സൗകര്യം ഒരുക്കുന്നുണ്ടോ, അതുമില്ല.
നോ പാർക്കിങ്ങിലും അനധികൃതമായും പാർക്ക് ചെയ്തതിന്റെ പേരിൽ നിത്യേന നിരവധി വാഹന ഉടമകൾക്കാണ് പൊലീസും മോട്ടോർ വാഹന വകുപ്പുമെല്ലാം പിഴ ചുമത്തുന്നത്. എന്നാൽ, വണ്ടികൾ എവിടെയിടണമെന്ന ചോദ്യം ബാക്കിയാവുകയാണ്.
പെരുമ്പാവൂരിലെ പെരും പ്രതിസന്ധി…
പെരുമ്പാവൂർ: ജില്ലയിലെ ഏറ്റവും തിരക്കുള്ള നഗരങ്ങളിലൊന്നായ പെരുമ്പാവൂരില്‍ റോഡ് വശങ്ങളിലും സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെ മുന്നിലുമാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. അനധികൃത പാര്‍ക്കിങ് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമായി മാറുന്നുണ്ട്. മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ വെറുതെ കിടക്കുന്ന ഒരു ഭാഗം ഒരുക്കിയാല്‍ കുറച്ച് കാറുകള്‍ നിര്‍ത്തിയിടാന്‍ സ്ഥലമാകും. മുനിസിപ്പല്‍ ലൈബ്രറി റോഡില്‍ കോടതി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് ചുറ്റുമുള്ള സ്ഥലം പ്രയോജനപ്പെടുത്തിയാല്‍ നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമാകും. വണ്ടികൾ നിർത്തിയിടാൻ സൗകര്യമില്ലെന്ന കാരണത്താൽ സാധനങ്ങള്‍ വാങ്ങാന്‍ മറ്റ് സ്ഥലങ്ങളിലേക്ക് ആളുകള്‍ പോകുന്ന സ്ഥിതിയാണെന്ന് വ്യാപാരികള്‍ പറയുന്നു.
പഴയ മാർക്കറ്റ് ഭാഗത്ത് പാർക്കിങ്ങൊരുക്കണം
കാലടി: നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. എം.സി റോഡ് കടന്നുപോകുന്ന ഇവിടെ റോഡിന് വീതി കുറവാണ്. ശ്രീശങ്കര പാലം മുതൽ സ്വകാര്യ ബസ് സ്റ്റാൻഡ് വരെയുള്ള റോഡ് വീതി കുറഞ്ഞതാണ്. പഴയ മത്സ്യ- മാംസ മാർക്കറ്റ് ഇരുന്ന ഭാഗം പാർക്കിങ് ഗ്രൗണ്ടാക്കി മാറ്റണമെന്നാണ് പ്രധാന ആവശ്യം.
റോഡ് നിരപ്പാക്കിയാൽ കൂടുതൽ ഇടം കിട്ടും…
കളമശ്ശേരി: ഗതാഗത തടസ്സം പരിഹരിക്കാൻ ഗതാഗത പരിഷ്കാരം നടപ്പാക്കിയ എച്ച്.എം.ടി ജങ്ഷനിൽ കച്ചവട സ്ഥാപനങ്ങളിലും മറ്റും എത്തുന്ന വാഹനങ്ങൾ പാർക്കിങ് സൗകര്യമില്ലാതെ വലയുകയാണ്. പരിഷ്കാരത്തിന്റെ ഭാഗമായി വൺവേ നടപ്പാക്കിയപ്പോൾ തടസ്സം കൂടാതെ വാഹനങ്ങൾ കടന്ന് പോകാൻ ജങ്ഷനിലെ സ്ഥാപനങ്ങൾക്ക് മുന്നിൽ നോ പാർക്കിങ് ബോഡ് സ്ഥാപിച്ചു. ഇത് ശ്രദ്ധിക്കാതെ നിർത്തി പോകുന്ന വാഹനങ്ങൾക്കുമേൽ പിഴ വരുകയാണ്. പലയിടത്തും അശാസ്ത്രീയമായി ഉയരത്തിൽ നിർമിച്ച കാന പൊളിച്ച് റോഡ് നിരപ്പാക്കിയാൽ വാഹനങ്ങൾ സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് കടത്തി വെക്കാനാകും.
ഫുട്പാത്ത് കൈയേറി വണ്ടികൾ, പെരുവഴിയിൽ യാത്രക്കാർ
ആലുവ: ബൈപാസ് കവലക്കും ബാങ്ക് കവലക്കും ഇടയിലുള്ള ബ്രിഡ്ജ് റോഡിലാണ് അനധികൃത വാഹന പാർക്കിങ് കൂടുതലുള്ളത്. വാഹനങ്ങൾ കൂട്ടത്തോടെയാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. വർഷങ്ങളായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. മെട്രോ വന്നതോടെ അനധികൃത പാർക്കിങ് മൂലമുള്ള പ്രശ്നങ്ങൾ ഇരട്ടിയായിട്ടുണ്ട്. റോഡിലേക്ക് കയറ്റിവരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. മെട്രോ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇതിനിടയിൽ ഈ ഭാഗത്ത് ഫുട്പാത്ത് നിർമിച്ചിട്ടുണ്ട്. ഫുട്പാത്ത് നിർമാണത്തോടെ അനധികൃത പാർക്കിങ് ഇല്ലാതാകുമെന്നാണ് കരുതിയത്. എന്നാൽ, ഇതിനുശേഷം റോഡിലേക്ക് കൂടുതൽ ഇറക്കിയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
വിദേശികളെപ്പോലും മടുപ്പിക്കും ഈ അസൗകര്യങ്ങൾ
മട്ടാഞ്ചേരി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദേശികൾ അടക്കമുള്ള സഞ്ചാരികളെത്തുന്ന പൈതൃക ടൂറിസം മേഖലകളാണ് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങൾ. എന്നാൽ, വാഹന പാർക്കിങ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ അധികൃതർ ഒരുക്കാത്തത് സഞ്ചാരികളെ വലക്കുകയാണ്. മട്ടാഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് സഞ്ചാരികളുമായി എത്തുന്ന വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
ഇതുമൂലം ഇവിടെ ട്രിപ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസുകൾക്ക് പാർക്ക് ചെയ്യാനാവാത്ത അവസ്ഥയുണ്ട്. ഇത് പലപ്പോഴും വാക്തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. ജൂതപ്പള്ളിയുടെ ഭാഗത്ത് ഒരു സൈക്കിൾപോലും പാർക്ക് ചെയ്യാൻ അനുവാദമില്ല. സഞ്ചാരികൾ ദൂരെ സ്ഥലത്ത് വാഹനങ്ങൾ മാറ്റിയിട്ട് നടന്നു വരേണ്ട അവസ്ഥയാണ്. ജൂതപ്പള്ളിക്ക് മുൻവശം ജൂത മൈതാനത്ത് വിശാലമായ ഇടമുണ്ടെങ്കിലും അതിന് സൗകര്യം ഒരുക്കാതെ അടച്ചിട്ടിരിക്കുകയാണെന്ന പരാതിയും ഓട്ടോറിക്ഷ ഡ്രൈവർമാർ അടക്കമുള്ളവർ ഉന്നയിക്കുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. ഫോർട്ട്കൊച്ചി സൗത്ത് കടപ്പുറത്ത് ചെറിയ പാർക്കിങ് സൗകര്യം ഉണ്ടെങ്കിലും സഞ്ചാരികളുടെ ബാഹുല്യം മൂലം പലപ്പോഴും സ്ഥലമുണ്ടാകാറില്ല.
കടുത്ത ഗതാഗതക്കുരുക്കിനൊപ്പം പാർക്കിങ് പ്രശ്നവും
മൂവാറ്റുപുഴ: ഗതാഗതക്കുരുക്കുമൂലം വീർപ്പുമുട്ടുന്ന മൂവാറ്റുപുഴ നഗരത്തിൽ പാർക്കിങ് സൗകര്യം ഇല്ലെന്ന യാഥാർഥ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. ഒരു ദേശീയപാതയും നാല് സംസ്ഥാന പാതയും കടന്നുപോകുന്ന മൂവാറ്റുപുഴ നഗരത്തിൽ പോസ്റ്റ് ഓഫിസ് ജങ്ഷനിൽനിന്ന് തുടങ്ങി വാഴപ്പിള്ളി കവല വരെ എം.സി റോഡിന്റെ ഇരുവശവും കോതമംഗലം റോഡിൽ നെഹ്റു പാർക്ക് മുതൽ കീച്ചേരിപ്പടി വരെയും എറണാകുളം റോഡിൽ കടാതിവരെയും വാഹനങ്ങളുടെ നിരയാണ്.
ഇതിനിടെ, ഫുട്പാത്തുകളും വാഹനങ്ങൾ കൈയടക്കിയതോടെ കാൽനടക്കാരും ദുരിതത്തിലായി. ബസ്ബേയുടെ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും വാഹനം പാർക്കിങ്ങിന് ഉപയോഗിക്കുകയാണ്. കാവുംപടി റോഡിലൂടെയുള്ള ഗതാഗതവും അനധികൃത പാർക്കിങ് മൂലം തടസ്സപ്പെടുന്നു. കോടതിയിലേക്കും നഗരസഭയിലേക്കുമൊക്കെ എത്തുന്ന വാഹനങ്ങൾ റോഡിനിരുവശവും പാർക്ക് ചെയ്യുന്നതോടെ റോഡിലൂടെ സുഗമമായ ഗതാഗതം തടസ്സപ്പെടുകയാണ്. നഗരത്തിലെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കുമെന്ന നഗരസഭാ അധ്യക്ഷന്റെ പ്രഖ്യാപനം വന്നിട്ട് വർഷങ്ങളായി.