
കൊച്ചി: കോൺഗ്രസ് പ്രവർത്തകർ കൊച്ചിയിൽ നടത്തിയ ധർണക്കിടെ ഗതാഗത തടസ്സമുണ്ടായതിൽ ഹൈകോടതിയിൽ മാപ്പപേക്ഷിച്ച് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ. കോർപറേഷൻ ഓഫിസിന് മുന്നിൽ ഫുട്പാത്ത് അടക്കം കൈയേറിയായിരുന്നു ധർണ.
കോടതിയലക്ഷ്യത്തിന് നേരിട്ട് ഹാജരാകണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ച സാഹചര്യത്തിലാണ് നിരുപാധിക മാപ്പപേക്ഷ നൽകിയത്. ധർണക്ക് നേതൃത്വം നൽകിയ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെ 150 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
സെൻട്രൽ പൊലീസ് എസ്.എച്ച്.ഒ അനീഷ് ജോയ് ആണ് അന്വേഷണം നടത്തുന്നത്. മേയറുടെ രാജി ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് പ്രതിഷേധം.