
മണ്ണാൻകടവ് തോട്
മൂവാറ്റുപുഴ: ജനവാസ കേന്ദ്രമായ പേട്ടയിലൂടെ ഒഴുകുന്ന മണ്ണാൻ കടവ് തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നവർക്കെതിരെ നടപടിയുമായി നഗരസഭ. ഇതിനായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. ഓടകൾ തുറന്ന് പരിശോധിച്ച് നടപടി എടുക്കാനാണ് നീക്കം. വർഷങ്ങളായി തുടരുന്ന ദുരിതത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നഗരസഭ നടപടിക്കൊരുങ്ങുന്നത്.
നഗരത്തിലെ ജനറൽ ആശുപത്രിക്ക് സമീപത്ത് നിന്നും ആരംഭിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് മുന്നിലൂടെ കടന്ന് 130 ജങ്ഷനിലെത്തി ആരക്കുഴ ബൈപാസിലൂടെ മണ്ണാൻ കടവ് തോട്ടിലേക്ക് എത്തുന്ന ഓടയിലേക്കാണ് ശുചിമുറി മാലിന്യം ഉൾപ്പെടെ തുറന്നു വിടുന്നത്. ഇത് മണ്ണാൻ തോടിനെ മാലിന്യ വാഹിനിയായി മാറ്റിയിരിക്കുകയാണ്. ഓടയിലൂടെ എത്തുന്ന മലിന ജലം മണ്ണാൻകടവ് തോട്ടിലൂടെ ഒഴുകി മൂവാറ്റുപുഴയാറിലേക്ക് പതിക്കുകയാണ്.
ഇത് ഗുരുതരമായ കുറ്റമാണെന്നും നിയമവിരുദ്ധ പ്രവൃത്തി തുടരുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് കാനകൾ തുറന്ന് പരിശോധന നടത്തുന്നതിന് നടപടി ആരംഭിച്ചതായും നഗരസഭ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ ദിവസം പെയ്ത മഴക്കിടെ ശുചിമുറി മാലിന്യം തോട്ടിലൂടെ ഒഴുകുന്നത് കാണാമായിരുന്നു. മഴ പെയ്ത തക്കംനോക്കി ശുചിമുറി മാലിന്യം ഓടയിലേക്ക് തുറന്നു വിടുകയായിരുന്നു. മൂവാറ്റുപുഴ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിന് സമീപമാണ് മലിനജലം ഒഴുകിയെത്തുന്നത്.
ഓട കടന്നുപോകുന്ന ഭാഗങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണുള്ളത്. ഇതിൽ പലതിൽ നിന്നും ശുചിമുറി മാലിന്യം ഓടയിലേക്ക് തുറക്കുന്നുണ്ടന്ന ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം ഓടയിലൂടെ ശുചിമുറി മാലിന്യം ഒഴുകുന്ന വീഡിയോ വഴി പ്രചരിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നതാണ് അടിയന്തര നടപടിയിലേക്ക് നീങ്ങാൻ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. ആയിരങ്ങൾ ആശ്രയിക്കുന്ന മൂവാറ്റുപുഴയാറിലേക്ക് ഇത്തരത്തിൽ മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മൂവാറ്റുപുഴ നഗരസഭ സെക്രട്ടറി അറിയിച്ചു.