
പായിപ്ര കവല (ഫയൽ ചിത്രം)
മൂവാറ്റുപുഴ: അപകടങ്ങളും ഗതാഗതക്കു രുക്കും രൂക്ഷമായ പായിപ്ര കവലയിലും പരിസര പ്രദേശങ്ങളിലും ഗതാഗത പരിഷ്കാരം നടപ്പാക്കാനൊരുങ്ങി ഗതാഗത ഉപദേശക സമിതി. ഏഴുവർഷം മുമ്പ് പഞ്ചായത്ത് ഭരണസമിതി കൊട്ടിഗ്ഘോഷിച്ച് കൊണ്ടുവന്ന പായിപ്ര കവലയിലെ ഗതാഗത പരിഷ്കാരം കടലാസിൽ ഒതുങ്ങിയിരുന്നു. മേഖലയിൽ അപകടങ്ങളും കുരുക്കും രൂക്ഷമായതോടെ മർച്ചന്റ്സ് അസോസിയേഷൻ പരാതിയുമായി രംഗത്തുവന്നതാണ് അടിയന്തരമായി ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കാൻ വഴിയൊരുക്കിയത്.
ഫയർഫോഴ്സും ആംബുലൻസും അടക്കം കുരുക്കിൽപെട്ടത് വിവാദമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ തവണ എടുത്ത തീരുമാനങ്ങൾ തന്നെയാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലും എടുത്തിരിക്കുന്നത്. പായിപ്ര കവലയിലും സമീപത്തെയും ബസ് സ്റ്റോപ്പുകൾ 100 മീ. അകലത്തിൽ വീതിയുള്ള ഭാഗത്തേക്കു മാറ്റിസ്ഥാപിക്കാനും പായിപ്ര ചെറുവട്ടൂർ ഭാഗങ്ങളിൽനിന്ന് വരുന്ന ഭാരവണ്ടികൾ ബാസ്പ് റോഡ് വഴി പള്ളിച്ചിറ ഭാഗത്തേക്ക് കടത്തിവിട്ട് വൺവേ ഏർപ്പെടുത്താനും തീരുമാനമായി. ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിക്കും. വഴിയോരക്കച്ചവടങ്ങൾ കർശനമായി നിയന്ത്രിക്കും. ഇതിനായി പൊലീസിന്റെ സഹായം തേടും.
കവലയിലെ ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ മാറ്റിസ്ഥാപിക്കും. അപകടമേഖലയായ സബൈൻപടി, പേഴക്കാപ്പിള്ളി സ്കൂൾ കവല, പായിപ്ര കവല, പഞ്ചായത്ത് ഓഫിസ് ജങ്ഷൻ, എസ്. വളവ്, തൈക്കാവ് ജങ്ഷൻ, പള്ളിച്ചിറ എന്നിവിടങ്ങളിൽ സീബ്രാ ലൈനുകൾ സ്ഥാപിക്കും. ഫുട്പാത്തുകളിലെ കൈയേറ്റങ്ങൾ നീക്കും. നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ച് പായിപ്ര കവലയിലും പരിസരങ്ങളിലും അനധികൃത പാർക്കിങ് സ്ഥിരമായി നിരോധിക്കും. പായിപ്ര-ചെറുവട്ടൂർ റോഡിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിവാക്കാനും യോഗം തീരുമാനിച്ചു.
നിരവധി കമ്പനികൾ സ്ഥിതിചെയ്യുന്ന പായിപ്രയിൽനിന്ന് എം.സി റോഡിലേക്ക് പായിപ്ര കവല വഴി വരുന്ന ഭാരവണ്ടികൾക്ക് വൺവേ ഏർപ്പെടുത്തും. ഇത് നടപ്പാകുന്നതോടെതന്നെ കവലയിലെ കുരുക്കിന് പരിഹാരമാകും. മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിൽ പായിപ്ര പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന കവല ഏറ്റവും തിരക്കേറിയ പ്രദേശമാണ്. നെല്ലിക്കുഴി-പേഴക്കാപ്പിള്ളി റോഡ്, എം.സി റോഡുമായി സന്ധിക്കുന്ന കവല മൂവാറ്റുപുഴ പട്ടണത്തിന്റെ കവാടമാണ്. നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്കൂളുകളും മദ്റസയും മറ്റും സ്ഥിതിചെയ്യുന്ന കവലയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും തുടർക്കഥയാണ്. ഇത് പരിഹരിക്കാൻ ഗതാഗത പരിഷ്കരണം നടപ്പാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിരവധിവട്ടം ചർച്ചചെയ്ത് നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പലവിധ സമ്മർദത്താൽ നടപ്പാക്കാനായില്ല.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ, വ്യാപാരിസംഘടന പ്രതിനിധികൾ, പൊലീസ്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.