
കൊച്ചി: ‘റോഷ്നി’ തിളക്കത്തിൽ അന്തർ സംസ്ഥാന വിദ്യാർഥികൾ. ഭാഷാ അതിർവരമ്പുകളില്ലാതെ അന്തർ സംസ്ഥാന വിദ്യാർഥികളെ പഠന രംഗത്ത് കൈപിടിച്ചുയർത്താൻ ജില്ല ഭരണ കൂടം ആരംഭിച്ച പദ്ധതിയാണിത്. എട്ട് വർഷം മുമ്പ് ജില്ലയിലെ അന്തർ സംസ്ഥാനക്കാർ കൂടുതലായുള്ള പ്രദേശങ്ങളിലെ പ്രൈമറി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി ആരംഭിച്ചത്. ഈ അധ്യയന വർഷം ജില്ലയിൽ പദ്ധതിയുടെ ഗുണഭോക്താക്കളായത് 2105 വിദ്യാർഥികളാണ്. എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, കോതമംഗലം വിദ്യാഭ്യാസ ഉപജില്ലകളിലായി 12510 വിദ്യാർഥികൾ ഇതുവരെ റോഷ്നിയുടെ ഗുണഭോക്താക്കളായിട്ടുണ്ട്.
110 വിദ്യാർഥികളിൽ നിന്ന് രണ്ടായിരത്തിലേക്ക്
എട്ട് വർഷം മുമ്പ് നാല് വിദ്യാലയങ്ങളിലായാണ് പദ്ധതിക്ക് തുടക്കമിട്ടത്. അന്ന് 110 വിദ്യാർഥികളായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കൾ. എന്നാൽ, ഇന്ന് 39 വിദ്യാലയങ്ങളിലായി 2105 അന്തർ സംസ്ഥാന വിദ്യാർഥികൾ ഇതിന്റെ ഭാഗമാണ്. എൽ.പി വിഭാഗത്തിൽ 1396, യു.പി വിഭാഗത്തിൽ 630, ഹൈസ്കൂൾ തലത്തിൽ 79 എന്നിങ്ങനെയാണ് വിദ്യാർഥികളുടെ എണ്ണം. ഇതിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ളത് ജി.യു.പി.എസ് കണ്ടന്തറയിലാണ്. ഇവിടെ 152 അന്തർ സംസ്ഥാന വിദ്യാർഥികളാണുള്ളത്. എൽ.പി വിഭാഗത്തിൽ 46 ആൺകുട്ടികളും 58 പെൺകുട്ടികളുമുണ്ട്. യു.പി തലത്തിൽ 26 ആൺകുട്ടികളും 22 പെൺകുട്ടികളും ഇവിടെ പദ്ധതിയുടെ ഭാഗമാണ്. 106 വിദ്യാർഥികളുള്ള ബിനാനിപുരം ജി.എച്ച്.എസ്എസാണ് രണ്ടാം സ്ഥാനത്തുള്ളത്. 103 വിദ്യാർഥികൾ വീതമുള്ള ശ്രീരുദ്രവിലാസം യു.പി സ്കൂൾ, നോർത്ത് വാഴക്കുളം ജി.യു.പി.എസ് എന്നിവ തൊട്ടുപിന്നാലെയുണ്ട്.
കൊഴിഞ്ഞ് പോക്ക് തടഞ്ഞ് പദ്ധതി
ജില്ലയിലേക്ക് അന്തർ സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വ്യാപകമായതോടെ കുടുംബമായെത്തുന്ന അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയായിരുന്നു. പലയിടങ്ങളിലും വിദ്യാഭ്യാസ പ്രവർത്തകർ അവരെ സ്കൂളുകളിൽ ചേർത്തിരുന്നെങ്കിലും ഭാഷാപ്രശ്നവും മറ്റും മൂലം അവർ പഠനം തുടരാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യം മറികടക്കാനാണ് ജില്ല കലക്ടറായിരുന്ന കെ. മുഹമ്മദ് വൈ. സഫിറുല്ലയുടെ നേതൃത്വത്തിൽ എട്ട് വർഷം മുമ്പ് പദ്ധതി ആരംഭിക്കുന്നത്. റിഫൈനറിയുടെ സാമ്പത്തിക സഹായം പദ്ധതിക്ക് ജീവനേകി. ഇതോടെ ഭാഷാപ്രശ്നം മുലമുള്ള വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനായി പദ്ധതിക്ക് കീഴിലുള്ള സ്കൂളുകളിൽ ബഹുഭാഷാ വളന്റിയർമാരെ നിയമിച്ചു. അധ്യാപകർ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ വിദ്യാർഥികളുടെ ഭാഷയിലേക്ക് മാറ്റി നൽകുന്നതും അധ്യാപകർക്കും വിദ്യാർഥികൾക്കുമിടയിലെ മധ്യവർത്തികളായി നിൽക്കുന്നതും ഈ വളന്റിയർമാരാണ്. ഹൈസ്കൂൾ തലത്തിലേക്കും പദ്ധതി വ്യാപിപ്പിച്ചതോടെ എസ്.എസ്.എൽ.സിയിലടക്കം അന്തർ സംസ്ഥാന വിദ്യാർഥികൾ മികച്ച പ്രകടനമാണ് നടത്തുന്നത്.
സാങ്കേതികതയിൽ കുരുങ്ങി വിപുലീകരണം
പദ്ധതി വിപുലീകരിക്കാൻ നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പലവിധ സാങ്കേതികതകളിൽ കുരുങ്ങി നീളുകയാണ്. വിദ്യാർഥികളുടെ പഠനത്തിന് പുറമേ പാഠ്യേതര രംഗത്തേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് സജീവമായി നടന്നത്. എന്നാൽ, ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിന്ന സാഹചര്യത്തിലാണ് പദ്ധതി പുതുക്കൽ നടത്തിയതെന്നതിനാൽ പുതിയ പദ്ധതികൾ ചേർക്കാൻ കഴിയാതെ വരികയായിരുന്നു.