കൊച്ചി: മെട്രോ നഗരിയുടെ വാണിജ്യ സമുച്ചയം ഇനി നാടിന് സ്വന്തം. നവീകരിച്ച എറണാകുളം മാർക്കറ്റ് ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വേദിയിലേക്കെത്തിയ മുഖ്യമന്ത്രി നാടമുറിച്ച ശേഷം കെട്ടിടം നോക്കികണ്ടു. ഇതോടൊപ്പം മാർക്കറ്റിൽ ആരംഭിക്കുന്ന മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ഉമതോമസ് എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, കൊച്ചിൻ സ്മാർട്ട്മിഷൻ ലിമിറ്റഡ് എം.ഡി ഷാജി വി.നായർ തുടങ്ങിയവർ സംസാരിച്ചു. മേയർ എം. അനിൽകുമാർ സ്വാഗതം പറഞ്ഞു. നൂറ്റാണ്ട് പഴക്കമുള്ള പഴയ മാർക്കറ്റ് പൊളിച്ച് നീക്കിയാണ് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്.
കൊച്ചിൻ സ്മാർട്ട് മിഷന്റെ മേൽ നോട്ടത്തിൽ 72.69 കോടി ചെലവിട്ട് നാല് നിലകളിൽ 275 മുറികളോടെയാണ് നിർമാണം. ആദ്യഘട്ടത്തിൽ 130 പച്ചക്കറി കടകൾ, 52 സ്റ്റേഷനറി കടകൾ, 28 മത്സ്യ-മാംസ വിപണന കടകൾ,7 നേന്ത്രക്കായ കടകൾ,3 മുട്ടക്കടകൾ എന്നിവയാണ് ഇവിടെ സജ്ജമാകുന്നത്.
മാർക്കറ്റ് നാടിന് മാതൃക -മുഖ്യമന്ത്രി
സമയബന്ധിതമായി നിർമാണം പൂർത്തിയാക്കിയ മാർക്കറ്റ് നാടിന്റെ വികസനത്തിൽ മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സങ്കുചിത താൽപര്യങ്ങളില്ലാതെ ഒരുമിച്ച് നിന്നാൽ ഒരു പദ്ധതി എങ്ങനെ സമയബന്ധിതമായി പൂർത്തീകരിക്കാമെന്നതിന് തെളിവാണിത്. ഭാവിയിൽ കൊച്ചി കാണാനെത്തുന്ന സഞ്ചാരികൾ ലോകോത്തര നിലവാരത്തിലുള്ള മാർക്കറ്റും കാണാനെത്തും.
സുസ്ഥിരവും പ്രകൃതി സൗഹൃദപരവുമായ നിർമാണ രീതിയാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. ഫോർട്ട് കൊച്ചിയടക്കമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ നവീകരിക്കാൻ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. കൊച്ചിയെ ഹരിത നഗരമാക്കാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ സ്മാർട്ട് മിഷന്റെ പ്രവർത്തനം ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നവീകരിച്ച മാർക്കറ്റ് കൊച്ചിയുടെ മുഖഛായ മാറ്റുമെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി എം.ബി രാജേഷ്. സാമ്പ്രദായിക മാർക്കറ്റുകൾ പലതും മാലിന്യ ഉൽപാദക കേന്ദ്രങ്ങളാകുമ്പോൾ പുതിയ മാർക്കറ്റ് മാലിന്യ സംസ്കരണത്തിൽ അടക്കം പുതുമാതൃക തീർക്കും. ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
+ There are no comments
Add yours