കൂത്താട്ടുകുളം: പുതിയ ഹോട്ടലിലെ ഭക്ഷണം കഴിച്ച നാല് വിദ്യാർഥികൾ ഉൾപ്പെടെ ആറ് പേർക്ക് ഭക്ഷ്യവിഷബാധ. ദിവസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൂത്താട്ടുകുളത്തെ സലിം കിച്ചൺ എന്ന് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതായി പരാതിയുയർന്നത്.
വടകര സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിലെ നാല് കുട്ടികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കുട്ടികൾ വിവിധ ആശുപത്രികളിൽ ആയിരുന്നെങ്കിലും വ്യാഴാഴ്ച വൈകീട്ടാണ് കൂത്താട്ടുകുളം നഗരസഭ ആരോഗ്യ വിഭാഗം അധികൃതർ അറിഞ്ഞത്. ഉദ്ഘാടന ദിവസം 99 രൂപക്ക് ബിരിയാണി ഓഫർ പ്രഖ്യാപിച്ചിരുന്നു. വടകര സ്കൂളിലെ കുട്ടികളിൽ ബിരിയാണി കഴിച്ച നാല് പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തിരുമാറാടി പഞ്ചായത്ത് അധികൃതർ, നഗരസഭ, േബ്ലാക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നുള്ള സംഘം സ്കുളിലെത്തി വിദ്യാർഥികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
കൂത്താട്ടുകുളം മാർക്കറ്റ് റോഡിലെ ഇവരുടെ തന്നെ ഹോട്ടലിൽ റെയ്ഡ് നടത്തി. ഭക്ഷണസാധനങ്ങൾ മൂടാതെ വെച്ച നിലയിലും പാത്രങ്ങൾ വൃത്തിയായി കഴുകാത്ത വിധത്തിലുമുള്ള കുറവുകൾ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ചയും പരിശോധന തുടർന്നു. എന്നാൽ, ഭക്ഷ്യവിഷബാധയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ സംബന്ധിച്ച വിവര ശേഖരണം നഗരസഭ ആരോഗ്യ വിഭാഗം നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. ഭക്ഷ്യവിഷബാധ സംബന്ധിച്ച് പരാതികളൊന്നും ലഭിക്കാത്തതിനാലും വൈകി അറിഞ്ഞതിനാലുമാണ് കുട്ടികളുടെ സ്ഥിതി അന്വേഷിക്കാത്തതെന്ന് ആരോഗ്യവിഭാഗം അധികൃതർ വ്യക്തമാക്കി.
+ There are no comments
Add yours