മൂവാറ്റുപുഴ: പ്രതിഷേധത്തിനൊടുവിൽ കല്ലൂർക്കാട് ടൗണിനു സമീപം തള്ളിയ ലോഡ് കണക്കിന് മാലിന്യം നീക്കംചെയ്യൽ ആരംഭിച്ചു. ജനങ്ങളെ ദുരിതത്തിലാക്കി കല്ലൂർക്കാട് മൂവാറ്റുപുഴ- തേനി റോഡിനു സമീപം അനധികൃതമായി തള്ളിയ മാലിന്യമാണ് 50 ദിവസത്തെ പ്രതിഷേധത്തിനുശേഷം നീക്കംചെയ്യാൻ ആരംഭിച്ചത്. മാലിന്യം തള്ളിയ സ്ഥാപനം തന്നെയാണ് നീക്കിത്തുടങ്ങിയത്.
ഇവിടെ തള്ളിയ മാലിന്യത്തിൽനിന്ന് കണ്ടെടുത്ത തെളിവിന്റെ അടിസ്ഥാനത്തിൽ പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് ഏഴുദിവസത്തിനകം മാലിന്യം നീക്കി പഞ്ചായത്തിൽ 70,000 രൂപ അടയ്ക്കാൻ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. മാലിന്യം നീക്കാനും മാലിന്യം തള്ളിയവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാനും തയാറാകാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗം ജോർജ് ഫ്രാൻസിസ് തെക്കേക്കരയുടെയും യു.ഡി.എഫ് ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങളുടെയും നേതൃത്വത്തിൽ തുടർച്ചയായി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.
+ There are no comments
Add yours