കൊച്ചി: വിവിധ സൈബർ തട്ടിപ്പുകളിലൂടെ പരാതിക്കാർക്ക് നഷ്ടപ്പെടുന്ന വൻതുക വീണ്ടെടുത്ത് കൊച്ചി സിറ്റി പൊലീസ്. രണ്ട് പ്രത്യേക പരിശോധനകളിലൂടെ 1.84 കോടി രൂപയാണ് വീണ്ടെടുത്തതെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടര മാസത്തിനിടെയാണ് ഇത്രയും തുക വീണ്ടെടുത്തത്. ആദ്യ പരിശോധനയിൽ 29,80,000 രൂപയും രണ്ടാം ഘട്ട പരിശോധനയിൽ 1.55 കോടിയും വീണ്ടെടുത്തു.
ജനുവരി മുതൽ നവംബർ വരെയുള്ള കണക്കാണിത്. വിവിധ സൈബർ കേസുകളിലായി അമ്പതോളം പേരെ അറസ്റ്റ് ചെയ്തു. തട്ടിപ്പ് നടത്തിയ അക്കൗണ്ടുകൾ ട്രാക്ക് ചെയ്ത് അവ മരവിപ്പിച്ച ശേഷമാണ് നടപടി. തുടർന്ന് കോടതിയിൽ ഇര അപേക്ഷ നൽകണം. കോടതി ഉത്തരവ് പ്രകാരമാണ് തുക മടക്കി നൽകുക. സൈബർ തട്ടിപ്പുകളിൽ പണം നഷ്ടമായാൽ എത്രയും വേഗം അടുത്ത പൊലീസ് സ്റ്റേഷനിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930ലോ പരാതി രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
+ There are no comments
Add yours