കൊച്ചി: 108 ആംബുലൻസ് ജീവനക്കാരുടെ ഇടക്കിടെയുള്ള സമര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നൽകിയ ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും.
അവശ്യ സർവിസായ ആംബുലൻസുകളുടെ പണിമുടക്ക് പൊതുജനങ്ങളെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി എറണാകുളം പിറവം സ്വദേശി രഞ്ജിത് നൽകിയ പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിക്കുക.
നേരത്തേ ഹരജി പരിഗണനക്കെത്തിയപ്പോൾ സർക്കാർ ഇടപെട്ട് വിഷയം ഉടൻ പരിഹരിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
ഒക്ടോബർ 30 മുതൽ നവംബർ അഞ്ചുവരെ സർവിസ് പൂർണമായും നിർത്തിവെച്ച് 108 ആംബുലൻസ് ജീവനക്കാർ സമരം നടത്തിയതായി ഹരജിയിൽ പറയുന്നു. കൃത്യസമയത്ത് ആംബുലൻസ് ലഭിക്കാതെ രണ്ടുപേർ മരിച്ചു. ഹരജി പരിഗണിച്ച ആദ്യ ദിവസം സമരം സംബന്ധിച്ച വിശദീകരണം തേടാൻ സമയം തേടിയ സർക്കാർ ഒരു ദിവസം മാത്രമാണ് സമരം നടന്നതെന്നായിരുന്നു രണ്ടാം തവണ കോടതിയെ അറിയിച്ചത്. മറ്റൊരു ദിവസം കൂടി സമരം പ്രഖ്യാപിച്ചിട്ടുള്ളതായും അറിയിച്ചു. എന്നാൽ, ഈ പ്രശ്നം കരാർ നൽകിയിരിക്കുന്ന സ്ഥാപനവും കരാർ എടുത്തിരിക്കുന്ന ഏജൻസിയും തൊഴിലാളികളും തമ്മിലെ ഒരു തർക്കമായി മാത്രമായി വിടാൻ കഴിയില്ലെന്നും അടിയന്തര ആംബുലൻസ് സേവനങ്ങൾ ഇല്ലാതാകുന്നത് പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും ഹരജിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സർക്കാർ ഇടപെടലുണ്ടാവണമെന്ന നിർദേശം നൽകിയത്.
ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണം. ആരോഗ്യ സെക്രട്ടറി, കരാർ കമ്പനി അധികൃതർ, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തൊഴിലാളി യൂനിയൻ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി ഉടൻ പ്രശ്ന പരിഹാരമുണ്ടാക്കണമെന്നും നിർദേശിച്ചു.
തുടർന്ന് ഹരജി വീണ്ടും നവംബർ 13ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. കേസും ചർച്ചയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ഇതേദിവസം കോടതിയെ അറിയിക്കണമെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.