പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയിലായി. അസം നാഗൗണ്‍ ജൂറിയ സിനിയാഗോണ്‍ സ്വദേശി മൊണ്‍ജിറുല്‍ ഹൊക്കീമിനെയാണ് (32) പെരുമ്പാവൂര്‍ പൊലീസ് അസമിലെത്തി അറസ്റ്റ് ചെയ്തത്.
വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
സംഭവശേഷം പ്രതി എറണാകുളത്തേക്ക് കടന്നു. പൊലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ട്രെയിനിൽ അസമിലേക്ക് തിരിച്ചു. എസ്.ഐമാരായ കെ.ജി. ദിനേശ് കുമാര്‍, എന്‍.കെ. ബിജു, സീനിയര്‍ സി.പി.ഒ ബിനീഷ് ചന്ദ്രന് എന്നിവര്‍ പ്രതിയെ പിന്തുടര്ന്ന് അസമിലെത്തുകയായിരുന്നു. ഇയാൾ താമസിക്കുന്ന ഉള്‍ഗ്രാമത്തിൽ തങ്ങിയാണ് വീട് കണ്ടെത്തിയത്. ജൂറിയ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

