കിഴക്കമ്പലം: കടമ്പ്രയാർ ഇക്കോ ടൂറിസം കേന്ദ്രത്തിൽ വാക്വേ ഉൾപ്പെടെ കാടുകയറിയ നിലയിൽ. പരസ്യ മദ്യപാനവും ലഹരി മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടവും ശക്തമായതോടെ ഇവിടേക്ക് സഞ്ചാരികൾക്ക് പോകാൻ മടിയാണ്. പൊലീസിന്റെ പരിശോധന ഇല്ലാതായതോടെ സാമൂഹിക വിരുദ്ധർ സജീവമാകുന്നതായി ആക്ഷേപം ശക്തമാണ്.
ബോട്ടിങ് ഉൾപ്പെടെ ഒരുക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനു കഴിഞ്ഞിട്ടില്ല. മനക്കക്കടവ് ഭാഗത്ത് ശുചിമുറി കെട്ടിടം നിർമിച്ചെങ്കിലും സാങ്കേതിക തടസ്സം മൂലം അനുമതി ലഭിച്ചിട്ടുമില്ല. റസ്റ്റാറന്റ് തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടിയായില്ല.
വാട്ടർ റൈഡുകളും ബോട്ടുകളും ക്രമീകരിക്കുമെന്ന് അറിയിപ്പ് ഉണ്ടായെങ്കിലും അതൊന്നും നടപ്പായില്ല. കടമ്പ്രയാർ ടൂറിസം കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കി കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വഴിവിളക്ക്, ശുചിമുറി ഉൾപ്പെടെ ഒരുക്കേണ്ടതായുണ്ട്. വില്ലേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലമായ സൗകര്യങ്ങളോടെ കോട്ടേജുകൾ.
കുട്ടികൾക്കുള്ള പാർക്ക്, പാർക്കിങ് ഏരിയ, മൾട്ടി പ്ലസ് തിയറ്റർ, കൺവെൻഷൻ സെന്റർ എന്നിവ ആരംഭിക്കുന്നതിന് ശ്രമം ആരംഭിച്ചെങ്കിലും പദ്ധതി ഫയലിൽ തന്നെയാണ്.