പെരുമ്പാവൂര്‍: അമിത വാടകയും നിത്യചെലവും താങ്ങാനാകാതെ വ്യാപാര മേഖല സ്തംഭനാവസ്ഥയില്‍. പ്രതിസന്ധി രൂക്ഷമായതോടെ നിരവധി കടകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. നഗരത്തില്‍ ചെറുകടകള്ക്കുപോലും 1000 രൂപവരെ വാടകയാണ്.
വാടകയും വൈദ്യുതി ബില്ലും ജീവനക്കാരുടെ ശമ്പളവും ഉൾപ്പെടെ കൊടുത്തുകഴിയുമ്പോള്‍ മിച്ചം ബാധ്യതയായി മാറുകയാണെന്നാണ് വ്യാപാരികളുടെ പക്ഷം.
ഓണ്‍ലൈന്‍ കച്ചവടവും സൂപ്പര്‍ മാര്‍ക്കറ്റുകളും സജീവമായതോടെ ചെറുകിട വ്യാപാര മേഖല പ്രതിസന്ധിയിലായി. എന്തും വിരല്‍തുമ്പിലൂടെ ലഭിക്കുന്ന സാഹചര്യം വാടകമുറികളിലെ സാധാരണ കച്ചവടക്കാരെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലോണുകള്‍ ഉൾപ്പെടെയുള്ള ബാധ്യതകളിലാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവരുന്നത്. ലോണ്‍ അടവുകള്‍ മുടങ്ങി ജപ്തി ഭീഷണി നേരിടുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. വലിയ സ്ഥാപനങ്ങള്‍ ജീവനക്കാരെ കുറച്ചു. ഷിഫ്റ്റ് സംവിധാനത്തിലൂടെ ജോലിക്കാരുടെ എണ്ണവും ചെലവും കുറച്ച് പ്രതിസന്ധി ലഘൂകരിക്കുന്നവരുണ്ട്. ഞായറാഴ്ചകളിലും തുറന്നു പ്രവര്‍ത്തിച്ചവര്‍ അത് നിര്‍ത്തി.
നഗരത്തില്‍ കച്ചവടം നിര്‍ത്തി ഒഴിഞ്ഞുകിടക്കുന്ന നിരവധി മുറികളുണ്ട്. ഈ സാഹചര്യത്തില്‍ വാടകയില്‍ ഇളവുചെയ്യാന്‍ മുറി ഉടമകള്‍ തയാറാണെങ്കിലും ബിസിനസിലേക്ക് മുതല്‍ മുടക്കാന്‍ ആളുകള്‍ മടിക്കുകയാണ്.
തുടക്കത്തില്‍ മുറി മോടിപിടിപ്പിക്കല്‍, ലൈസന്‍സ്, ടാക്സ്, പരസ്യം തുടങ്ങിയ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുമ്പോള്‍ തന്നെ നല്ലൊരു തുക മുടക്കേണ്ടതായി വരുന്നു. പഴം, പച്ചക്കറി, മത്സ്യം, മാംസം, മരുന്ന് എന്നിങ്ങനെയുള്ളവയുടെ വില്പനയെപ്പോലും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
അന്തര്‍ സംസ്ഥാനക്കാര്‍ തങ്ങുന്ന പി.പി റോഡ്, പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് ഭാഗങ്ങളില്‍ ആദ്യകാലങ്ങളില്‍ സജീവമായിരുന്നു.
ഞായറാഴ്ചകളില്‍ ഈ പ്രദേശങ്ങളിലെ വലിയ സ്ഥാപനങ്ങളില്‍ ലക്ഷങ്ങളുടെ വിറ്റുവരവുണ്ടായിരുന്നത് പകുതിയില്‍ താഴെയായി. പി.പി റോഡിലും പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലും ലഹരി മാഫിയകളും സെക്സ് തൊഴിലാളികളും പിടിമുറുക്കിയതോടെ ഈ ഭാഗങ്ങളിലേക്ക് ആളുകള്‍ പോകാന്‍ മടിക്കുന്നു. സിഗ്നല്‍ ജങ്ഷന് സമീപം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമില്ലാത്തത് തിരിച്ചടിയായി മാറുകയാണ്.