പെരുമ്പാവൂര്‍: നഗരസഭ പരിധിയിലെ പ്രധാന റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടും നന്നാക്കാത്തതില്‍ പ്രതിഷേധമുയരുന്നു. 25, 26, 27 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന റയോണ്‍പുരം-കാരിയേലി റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ദിനേന നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന മേഖലയിലെ പ്രധാന റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതില്‍ വാര്‍ഡ് കൗണ്‍സിലര്‍മാർക്കോ നഗരസഭ ഭരണസമിതിക്കോ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം.
പെരുമ്പാവൂരില്‍നിന്ന് വല്ലം പാലം വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഇരുചക്രവാഹന യാത്രക്കാര്‍ രാത്രി അപകടങ്ങളില്‍പെടുന്നത് നിത്യസംഭവമാണ്.
നിരവധി വ്യവസായ സ്ഥാപനങ്ങളിലേക്കും ജനവാസ മേഖലയിലേക്കുമുള്ള പ്രധാന വഴിയെന്നത് മറന്ന് റയോണ്‍പുരം-കാരിയേലി റോഡിനെ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറയുന്നു.
വ്യവസായകേന്ദ്രം കൂടിയായ വല്ലം പ്രദേശത്തേക്ക് കടന്നുവരുന്ന ഭാരവാഹനങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ പെരുമ്പാവൂര്‍-റയോണ്‍പുരം റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നിര്‍മിക്കണമെന്ന ആവശ്യം പലവട്ടം എം.എല്‍.എയുടെയും എം.പിയുടെയും ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. എത്രയും വേഗം റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തപക്ഷം നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.പി.എം റയോണ്‍പുരം സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ പി.എ. സിറാജ് അറിയിച്ചു.