പെരുമ്പാവൂര്: വ്യാജ സെയിൽസ് ടാക്സ് ബിൽ വിൽപന സംഘങ്ങൾ പെരുകിയിട്ടും അന്വേഷണവും നടപടിയുമുണ്ടാകുന്നില്ലെന്ന് ആക്ഷേപം. ജില്ലയിൽ പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് അനധികൃത ജി.എസ്.ടി ബിൽ വിൽപന സംഘങ്ങൾ അധികമുള്ളത്. ഒരാൾതന്നെ നിരവധി പേരുടെ പല പേരുകളിൽ ബിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവരുടെ പേരിലായിരിക്കും രജിസ്ട്രേഷൻ. വാടകക്കെടുക്കുന്ന 100 സ്ക്വയർ ഫീറ്റ് പോലുമില്ലാത്ത ചെറിയൊരു മുറിയായിരിക്കും രേഖകളിലെ ഗോഡൗണും ഓഫിസും. അന്തർസംസ്ഥാനങ്ങളിൽനിന്ന് സംഘടിപ്പിക്കുന്ന രജിസ്ട്രേഷനിലാണ് ഇറക്കുമതി ഇടപാടുകൾ നടത്തുക. നിസ്സാര തുക പ്രതിഫലം വാങ്ങിയാണ് പലരും രജിസ്ട്രേഷൻ എടുക്കാൻ സമ്മതപത്രം നൽകുന്നത്.
‘തല’ എന്ന പേരിലാണ് വ്യാജ രജിസ്ട്രേഷൻ സംഘങ്ങൾക്കിടയിൽ ഇവർ അറിയപ്പെടുന്നത്. ടേൺഓവർ അധികമാകുന്നതോടെ ബിൽ മടക്കിക്കെട്ടും. പിന്നീട് വരുന്ന ടാക്സും മറ്റ് ബാധ്യതകളും തലയുടെ പേരിലായിരിക്കും. പലപ്പോഴും ഉദ്യോഗസ്ഥരുടെ അന്വേഷണം ചെന്നെത്തുക കിടപ്പാടംപോലും ഇല്ലാത്തവരിലേക്കാണ്. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട കുറുപ്പംപടി സ്വദേശിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. പെരുമ്പാവൂരിലെ ടാക്സ് വെട്ടിപ്പുകാരന്റെ കെണിയിലാണ് കുറുപ്പംപടി സ്വദേശി അകപ്പെട്ടതെന്നാണ് സൂചന. പെരുമ്പാവൂർ സ്വദേശി പത്തിലധികം രജിസ്ട്രേഷൻ തരപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഒളിവിലാണ്. എന്നാൽ, നിരപരാധികളുടെ വീടുകളിൽ രാത്രിയിൽ വനിത പൊലീസിന്റെ സാന്നിധ്യത്തിലല്ലാതെ കയറിയ പൊലീസ് യഥാർഥ പ്രതിയെ പിടികൂടാൻ തയാറാകുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പൊലീസിനെ സ്വാധീനിച്ച് കേസ് ഒതുക്കാൻ ഒരു സംഘം പ്രവർത്തിക്കുന്നതായും പറയുന്നു.
ജി.എസ്.ടി രജിസ്ട്രേഷൻ വരുന്നതിനുമുമ്പേ വർഷങ്ങളായി വ്യാജ ബിൽ സംഘങ്ങൾ വിലസുന്നുണ്ട്. മിക്കവരും ടാക്സ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ഇഷ്ടക്കാരാണ്. ഇക്കാരണത്താൽ ആദ്യകാലം മുതൽ രംഗത്തുള്ളവർ സജീവമാണ്. കോടികൾ വെട്ടിപ്പ് നടത്തി കേസിൽ ഉൾപ്പെട്ടവരുണ്ട്.
നൂറുകണക്കിന് ലോഡ് മര ഉൽപന്നങ്ങളും ആക്രി സാധനങ്ങളും അന്തർസംസ്ഥാനങ്ങളിലേക്ക് കടക്കുന്നത് വ്യാജ ബിൽ വഴിയാണ്. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ കടന്നുപോകുന്ന ലോഡുകൾ പരിശോധിക്കപ്പെടുന്നില്ല. വാഹന പരിശോധന കണ്ടെത്താൻ വ്യാജന്മാരുടെ എസ്കോർട്ട് ടീമുണ്ട്. യഥാർഥ ബില്ലിൽ സാധനങ്ങൾ കയറ്റി അയക്കുമ്പോൾ 18 ശതമാനത്തോളം നികുതി അടക്കണം. ഇതിന്റെ പകുതി നൽകിയാൽ വ്യാജ ബിൽ ലഭിക്കും. വ്യാജ ബില്ലുകൾ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.