മട്ടാഞ്ചേരി: ഡെങ്കി പനി വ്യാപനവും, മരണ റിപ്പോർട്ടുകളും കൊച്ചിയിലെ വിനോദ സഞ്ചര മേഖലക്ക് തിരിച്ചടിയാകുന്നു. ഓണാഘോഷത്തോടനുബന്ധിച്ചും, സീസൺ ആരംഭിച്ചതിനാലും സഞ്ചാരികളുടെ വരവ് തുടങ്ങിയ സമയത്ത് ഉടലെടുത്ത പ്രതിസന്ധി മറിക്കടക്കാനുള്ള ശ്രമത്തിലാണ് ടുറിസം മേഖലയിലുള്ളവർ. ഓണാഘോഷമില്ലെന്ന പ്രചരാണങ്ങൾക്ക് പിന്നാലെ പനി പകർച്ച കൂടി പ്രചാരത്തിലായതോടെ ആശങ്ക ഏറിയിരിക്കുകയാണ്.
ജില്ലയുടെ വിവിധ മേഖലകളിൽ ഡെങ്കിപനി വ്യാപിക്കുന്നത് നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദേശ വിനോദ സഞ്ചാരികളടക്കം ഒട്ടേറെ പേർ മടങ്ങിയതായും ബുക്കിങ്ങുകൾ റദ്ദാക്കിയതായും ടൂർ ഓപറേറ്റർമാരും ഹോം സ്റ്റേ ഉടമകളും ചുണ്ടിക്കാട്ടുന്നു. വിദേശ വിനോദസഞ്ചാരികളാണ് യാത്ര വെട്ടികുറക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളും ചെറിയ തോതിൽ കൊച്ചിയിലെ നഗര ടുറിസം കേന്ദ്രങ്ങളെ ഒഴിവാക്കുന്നതായി ട്രാവൽ ഏജൻസികളും പറയുന്നുണ്ട്. കൊതുകുജന്യമായ ഡെങ്കി പനി പകരുന്നതിലുള്ള ആശങ്ക നിലവിൽ കൊച്ചിയിലുള്ള വിനോദ സഞ്ചാരികളും പങ്കുവെക്കുന്നുമുണ്ട്. കോവിഡ് കാലം തകർത്ത വിനോദ സഞ്ചാര മേഖല പ്രതീക്ഷകളുമായി ഉയർത്തേഴുന്നേൽക്കുമ്പോഴാണ് ഡെങ്കി പനി ഭീഷണി ആശങ്കയിലാക്കുന്നത്.