കൊച്ചി: പല ടൂറിസം കേന്ദ്രങ്ങളിലേക്കും കുടുംബവുമൊന്നിച്ച് യാത്ര പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധാരണക്കാരെ സംബന്ധിച്ച് സ്വന്തമായി വാഹനമില്ലാത്തതും വലിയ യാത്രാചെലവുമാണ് പിന്നോട്ടടിപ്പിക്കുന്നത്. എന്നാൽ, അത്തരം ആശങ്കകളെ ഇല്ലാതാക്കി കുടുംബവുമൊത്ത് ചെലവ് കുറഞ്ഞ യാത്രകൾ സാധ്യമാക്കി വിജയക്കുതിപ്പ് തുടരുകയാണ് കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം.
ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള എല്ലാ പാക്കേജുകളും വിജയമാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മൂന്നാർ-മാമലക്കണ്ടം, മൂന്നാർ-വട്ടവട, മറയൂർ-കാന്തല്ലൂർ, രാമക്കൽമേട്, ഇല്ലിക്കകല്ല്-ഇലവീഴാപൂഞ്ചിറ, മലക്കപ്പാറ, ചതുരംഗപ്പാറ, വാഗമൺ-പരുന്തുംപാറ, എന്നിവിടങ്ങളിലേക്കാണ് ജില്ലയിൽ നിന്ന് നിലവിൽ പ്രധാനമായി ബജറ്റ് ടൂറിസത്തിൽ ഉൾപ്പെടുത്തി ട്രിപ്പുകൾ നടത്തുന്നത്. അടുത്തിടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കർക്കടക മാസത്തിൽ നടത്തിയ കോട്ടയം-രാമപുരം യാത്ര, മധ്യവേനലവധിയിലെ യാത്രകൾ എല്ലാം ലക്ഷങ്ങളുടെ വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് നേടിക്കൊടുത്തത്.
മേയിൽ മാത്രം ജില്ലയിലെ അഞ്ച് ഡിപ്പോകളിൽ നടത്തിയ ട്രിപ്പുകളിൽ നിന്ന് 41 ലക്ഷം രൂപയാണ് വരുമാനം നേടിയത്. റെസിഡന്റ്സ് അസോസിയേഷൻ, ആരാധനാലയങ്ങളിൽ നിന്നുള്ള യാത്രകൾ, പൂർവ വിദ്യാർഥി കൂട്ടായ്മകൾ എന്നിവരൊക്കെ ബജറ്റ് ടൂറിസം ട്രിപ്പുകൾ തിരഞ്ഞെടുക്കുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിലും അവധിക്കാലങ്ങളിലുമാണ് ട്രിപ്പുകൾ നടത്തുന്നത്.
വരും ആധുനിക സൗകര്യമുള്ള ബസുകൾ
ബജറ്റ് ടൂറിസത്തിന് ആരാധകർ കൂടി വരാൻ പ്രധാന കാരണം കുറഞ്ഞ ചെലവിൽ നല്ലൊരു യാത്ര എന്ന ആശയമാണ്. പദ്ധതി വിജയമായതോടെ ആധുനിക സൗകര്യമുള്ള കൂടുതൽ ബസുകൾ കെ.എസ്.ആർ.ടി.സി ഇറക്കുന്നുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ ഓർഡിനറി ബസുകളാണ് വിനോദ യാത്രക്കായി ഉപയോഗിക്കുന്നത്. ബസുകളുടെ കുറവ് ട്രിപ്പുകളെ ബാധിക്കാതിരിക്കാനാണ് ആധുനിക രീതിയിലുള്ള കൂടുതൽ ബസുകൾ ഇറക്കുന്നത്.
ബുക്കിങ്ങിന് വിളിക്കാം…
- എറണാകുളം -8129134848, 9207648246
- നോർത്ത് പറവൂർ -9745962226
- ആലുവ -9747911182
- അങ്കമാലി -9847751598
- പെരുമ്പാവൂർ -7558991581
- കോതമംഗലം -9846926626, 94479 84511
- മൂവാറ്റുപുഴ -9447737983
- കൂത്താട്ടുകുളം -94974 15696, 9497883291
- പിറവം -9446206897
- എറണാകുളം -കോട്ടയം ജില്ലാ
- കോ -ഓഡിനേറ്റർ -9447223212
ഓണാവധിക്ക് നാട് കാണാൻ ഒരുക്കം
മഴ അടുത്തിടെ ബജറ്റ് ടൂറിസം ട്രിപ്പിന് ചെറിയ പ്രതിസന്ധി സൃഷ്ടടിച്ചെങ്കിലും ഓണാവധിയിൽ യാത്ര ടോപ് ഗിയറിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കെ.എസ്.ആർ.സി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഓണക്കാല ട്രിപ്പിനുള്ള ഒരുക്കങ്ങൾ കെ.എസ്.ആർ.ടി.സി പൂർത്തിയാക്കി. ജില്ലയിലെ ഒമ്പത് ഡിപ്പോകളിൽ നിന്ന് കുറഞ്ഞ നിരക്കിൽ വിവിധ സ്ഥലങ്ങളിലേക്ക് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് അവസരം. അഷ്ടമുടി, ചതുരംഗപ്പാറ, മാമലക്കണ്ടം, മൂന്നാർ, മലക്കപ്പാറ, രാമക്കൽ മേട്, വാഗമൺ, പരുന്തുംപാറ, തെൻമല പാലരുവി, കപ്പൽ യാത്ര, മറയൂർ-കാന്തല്ലൂർ എന്നീ ട്രിപ്പുകളാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. 50 പേരടങ്ങുന്ന ഗ്രൂപ്പുകൾക്കും ബുക്ക് ചെയ്യാം.
കഴിഞ്ഞ മാസങ്ങളിൽ ബജറ്റ് ടൂറിസത്തിന് ലഭിച്ച വരുമാനം (ലക്ഷത്തിൽ)
ഏപ്രിൽ -2,373,000, മേയ് -4,100,000, ജൂൺ -1,063,500, ജൂലൈ -1,022,000, ആഗസ്റ്റ് -1,160,000