പെരുമ്പാവൂര്‍: ടൗണിലെ പ്രധാന വണ്‍വേ റോഡായ കാളച്ചന്ത റോഡ് തകര്‍ന്നതോടെ യാത്ര ദുരിതമാകുന്നതായി പരാതി. കന്നുകാലി മാര്‍ക്കറ്റിന് സമീപത്താണ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. എം.സി റോഡില്‍നിന്ന് പി.പി റോഡിലേക്ക് കടക്കുന്ന ഭാഗത്താണ് യാത്രക്കാര്‍ക്ക് ഭീഷണിയായി ഗര്ത്തങ്ങളുള്ളത്. പൊട്ടിപ്പൊളിഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്ന റോഡില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായി മാറുകയാണ്. ബസ് ഒഴികെ ഭാരവാഹനങ്ങള്‍ പി.പി റോഡിലേക്ക് തിരിച്ചുവിടുന്ന റോഡാണിത്. നഗരസഭക്ക് കീഴിലെ ഇ.എം.എസ് ഹാളും മിക്കപ്പോഴും വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്ന സീമ ഓഡിറ്റോറിയവും ഈ റോഡിലായതുകൊണ്ട് പകലും രാത്രിയുമില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.
റോഡ് പൊളിഞ്ഞു കിടക്കുന്നതുമൂലം വാഹനങ്ങള്‍ സഞ്ചരിക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ്. ഭാരം കയറ്റിയ മിനിലോറികള്‍ കടന്നുപോകുമ്പോള്‍ കുഴിയില്‍ ചാടി ചരിയുന്നു. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടത്തെ വാഹനനിര എം.സി റോഡിലും പി.പി റോഡിലും നിേത്യനയുള്ള ഗതാഗതക്കുരുക്കിന് ഇടയാകുന്നുണ്ട്. വിഷയം പലവട്ടം നഗരസഭയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് സമീപത്തെ വ്യാപാരികളും പ്രദേശവാസികളും പറയുന്നു.