കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ വാല്യൂ ടൂറിസത്തില്‍നിന്ന് പ്രതിമാസം 100 കോടി വരുമാനം ഉണ്ടാക്കാന്‍ ആധുനിക ആരോഗ്യ മേഖലക്ക് കഴിയുമെന്ന് ആരോഗ്യ ഉച്ചകോടിയില്‍ വിദഗ്ധര്‍.
കേരളത്തിലെ ആധുനിക ആരോഗ്യമേഖല ഇപ്പോള്‍ മെഡിക്കല്‍ വാല്യൂ സഞ്ചാരികളില്‍നിന്ന് പ്രതിമാസം ഏകദേശം 30-40 കോടി നേടുന്നുണ്ടെന്ന് 11ാമത് കേരള ഹെല്‍ത്ത് ടൂറിസം സമ്മേളനത്തിലും ആറാമത് ആഗോള ആയുര്‍വേദ ഉച്ചകോടിയിലും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ വാല്യൂ സഞ്ചാരികളെ ആകര്‍ഷിക്കാൻ മിഡില്‍ ഈസ്റ്റ് മേഖലയുമായുള്ള ബന്ധം കൂടുതല്‍ വര്‍ധിപ്പിക്കണമെന്ന് കോഴിക്കോട് ആസ്ഥാനമായ മെയ്ത്ര ഹോസ്പിറ്റല്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ നിഹാജ് ജി. മുഹമ്മദ് പറഞ്ഞു. ആധുനിക ചികിത്സ തേടി കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ വരുന്നത് ഒമാനില്നിന്നാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ മെഡിക്കല്‍ വാല്യൂ യാത്രക്കാരെ ആകര്‍ഷിക്കാൻ കേരളത്തിന്റെ ആരോഗ്യമേഖലയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സി.ഐ.ഐ കേരള ഹെല്‍ത്ത് കെയര്‍ പാനല്‍ കോ-കണ്‍വീനറും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറുമായ പി.വി. ലൂയിസ് പറഞ്ഞു.
മെഡിക്കല്‍ വാല്യൂ ടൂറിസത്തില്‍നിന്ന് 10 ബില്യണ്‍ ഡോളര്‍ വരുമാനം നേടാനാണ് കേരളം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ് സംരംഭമായ മൈക്കരെ ഹെല്‍ത്തിന്റെ സി.ഇ.ഒ സെനു സാം പറഞ്ഞു. തായ്ലന്ഡ് ഓരോ വര്‍ഷവും മെഡിക്കല്‍ വാല്യൂ ടൂറിസത്തില്‍നിന്ന് 15 ബില്യണ്‍ യു.എസ് ഡോളര്‍ സമ്പാദിക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രം, ആയുര്‍വേദം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ കേരളത്തിന്റെ കരുത്ത് ഈ മേഖലയിലെ വളര്‍ച്ചാ സാധ്യതകള്‍ സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ നയപരമായ സമീപനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മില എ.ഐ സി.ഇ.ഒ നികിത ശങ്കര്‍, സി.ടി.ഒ നീതു മറിയം ജോയ് എന്നിവരും സംസാരിച്ചു. ആയുഷ് മന്ത്രാലയത്തിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും പിന്തുണയോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ചേർന്നാണ് രണ്ടുദിവസത്തെ ഉച്ചകോടി സംഘടിപ്പിച്ചത്.