കോതമംഗലം: പൂയംകുട്ടി പീണ്ടിമേട് ഉൾവനത്തിൽ വിവിധയിടങ്ങളിലായി മൂന്ന് ആനകളുടെ ജഡം കണ്ടെത്തി. 10നും 15നും ഇടയിൽ പ്രായംതോന്നിക്കുന്ന പിടിയാനകളാണ് ചെരിഞ്ഞത്. ജഡങ്ങൾക്ക് ഒന്നിലേറെ ആഴ്ചകളുടെ പഴക്കമുണ്ട്. വനം വാച്ചർമാരുടെ പരിശോധനക്കിടെയാണ് ജഡങ്ങൾ കണ്ടത്. പൂയംകുട്ടി പുഴക്ക് ഇക്കരെ തോളുനട ഭാഗത്താണ് ആദ്യം ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജഡം കണ്ടിടത്തുനിന്ന് പുഴക്കക്കരെ രണ്ട് കിലോമീറ്റോളം മാറി മറ്റൊരാനയുടെ ജഡം കണ്ടു. ഇവിടെനിന്ന് വീണ്ടും രണ്ട് കിലോമീറ്ററോളം അകലെയാണ് വ്യാഴാഴ്ച പരിശോധനക്കിടെ മൂന്നാമത്തെ ആനയുടെ ജഡം കണ്ടത്.
ആദ്യം കണ്ട രണ്ട് ജഡവും വ്യാഴാഴ്ച വൈകീട്ടോടെ പോസ്റ്റ്മോർട്ടം നടത്തി മറവുചെയ്തു. മൂന്നാമത്തേത് വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തും. തോളുനടയിൽ കണ്ട ആനയുടെ കാൽ പാറയിടുക്കിൽ കുടുങ്ങി എഴുന്നേൽക്കാൻ കഴിയാതെ ചെരിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.
രണ്ടാമത്തേത് ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിൽ പരിക്കേറ്റ് ചെരിഞ്ഞതാണെന്ന് കരുതുന്നു. സി.സി.എഫ് അടൽ അരശ്, മലയാറ്റൂർ ഡി.എഫ്.ഒ ഖുറ ശ്രീനിവാസ്, അസി. വെറ്ററിനറി ഓഫിസർ എൻ. അനുമോദ്, കുട്ടമ്പുഴ റേഞ്ച് ഓഫിസർ സഞ്ജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്മോർട്ടം നടപടികൾക്ക് മേൽനോട്ടം വഹിച്ചത്.