മരട്: വൈറ്റിലയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ മരട് പൊലീസ് കേസെടുത്തു. ബുധനാഴ്ച പുലർച്ച നാലരക്കാണ് പ്രതിശ്രുത വരനടങ്ങുന്ന നാലംഗ സംഘം നടുറോഡിൽ വെച്ച് യുവതിയെ മർദിച്ചത്.
ജനത റോഡിൽ കുടുംബവുമായി വാടകക്ക് താമസിക്കുന്ന തമിഴ്നാട് മധുര സ്വദേശിനിയെയെയാണ് പ്രതിശ്രുത വരൻ മർദിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാൾ എരൂരിലാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ ആറു വർഷമായി പ്രണയത്തിലാണ്.
യുവതി സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയിരുന്നു. പ്രതിശ്രുത വരൻ യുവതിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് യുവതിയുടെ സഹോദരനെ വിളിച്ചു. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയെന്ന വിവരം ലഭിച്ച പ്രതിശ്രുത വരൻ വഴിയിൽ കാത്ത് നിൽക്കുകയായിരുന്നു. പുലർച്ച എത്തിയ യുവതിയെ ഇതുമായി ബന്ധപ്പെട്ട് മർദിക്കുകയായിരുന്നുവെന്നാണ് വിവരം.
വൈറ്റില ജനത റോഡിലായിരുന്നു മർദനം. സഹോദരൻ അയ്യപ്പൻ റോഡിൽ വൈറ്റില ജനത ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് മർദനം ആരംഭിച്ചത്. യുവതിയുടെ മുഖത്ത് ഇയാൾ അടിക്കുന്നത് കണ്ട വഴിയാത്രക്കാരൻ ഇടപെട്ടു. ഇതോടെ ഇരുവരും ജനതാ റോഡിലേക്ക് കയറി. അവിടെയും മർദനം തുടർന്നു. മൂന്ന് സുഹൃത്തുക്കൾ കൂടെ ഉണ്ടായിരുന്നെങ്കിലും കാര്യമായി ഇടപെട്ടില്ല.
തുടർന്ന് യുവതി ഓടി തൊട്ടടുത്ത ഒഴിഞ്ഞ പറമ്പിലേക്ക് കയറി. പിന്തുടർന്നെത്തിയ യുവാവ് അവിടെവച്ചും മർദനം തുടർന്നു. മർദനത്തിന് ശേഷം അഞ്ചുപേരും തൊട്ടടുത്തുള്ള വ്യാപാരസ്ഥാപനത്തിന്റെ വരാന്തയിൽ നിന്ന് അരമണിക്കൂറോളം സംസാരിച്ചു.
മാധ്യമ വാർത്തയെ തുടർന്ന് അന്വേഷണം ആരംഭിച്ച മരട് പൊലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. തന്നെ മർദിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ, തനിക്ക് പരാതി ഇല്ലെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.