കൊച്ചി: മാൻഹോളിലിറങ്ങി മാലിന്യം കോരുന്ന മനുഷ്യരുടെ ദുരിതത്തെക്കുറിച്ച് ഓർത്തിട്ടുണ്ടോ, മനുഷ്യർക്കു പകരം റോബോട്ടുകൾ മാൻഹോളിലേക്ക് ഇറങ്ങിയാലോ? അതെ, മാൻഹോളിലെ റോബോഹോളാക്കി മാറ്റുന്നത് ബാൻഡിക്കൂട്ട് എന്ന റോബോട്ടാണ്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെൻറോബോട്ടിക്സ് എന്ന കമ്പനിയുടെ ഉൽപന്നമായ ബാൻഡിക്കൂട്ട് മാൻഹോളിലെ മാലിന്യം ഇറങ്ങി നീക്കം ചെയ്യും.
ഈ റോബോട്ടിന്റെ ഡ്രോൺ യൂനിറ്റ് ആദ്യം മാൻഹോളിലിറങ്ങി ഇവിടത്തെ വിഷവാതകങ്ങളുടെ തോത് കണ്ടെത്തി അറിയിക്കും പിന്നീട് നാല് കാലുകൾ മാൻഹോളിലേക്ക് വീഴാത്ത വിധം സ്റ്റെബിലൈസ് ചെയ്യും അതിനുശേഷമാണ് റോബോട്ടിക് ആം പുറത്തേക്ക് നീങ്ങി മാലിന്യം ബക്കറ്റിലൂടെ എടുത്ത് പുറത്തേക്കെത്തിക്കുന്നത്. ഓരോ പ്രക്രിയയും നിരീക്ഷിക്കാൻ മുകളിൽ കാമറയുമുണ്ട്.
കേരള ജല അതോറിറ്റിയുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചതെന്ന് പ്രദർശന സ്റ്റാളിന് നേതൃത്വം നൽകിയ സീനിയർ മാർക്കറ്റിങ് മാനേജർ അഖിൽ വ്യക്തമാക്കി. മലപ്പുറം കുറ്റിപ്പുറം എം.ഇ.എസിലെ പൂർവ വിദ്യാർഥികളായ വിമൽ ഗോവിന്ദ്, എൻ.പി. നിഖിൽ, റാഷിദ്, അരുൺ ജോർജ് എന്നിവർ ചേർന്നാണ് വികസിപ്പിച്ചത്. ഇതിനകം വിവിധ സംസ്ഥാനങ്ങളിലുൾപ്പെടെ ഈ റോബോട്ട് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുവരെ ലോഞ്ച് ചെയ്യാത്ത കൂടുതൽ അഡ്വാൻസ്ഡ് വേർഷനായ ബാൻഡിക്കൂട്ട് മിനിയുടെ പ്രദർശനവും സ്റ്റാളിലുണ്ടായി.
റോബോട്ടിക് സ്റ്റാർട്ടപ് മേഖലയുടെ ഭാവി ചർച്ചചെയ്ത് റൗണ്ട് ടേബിൾ
കൊച്ചി: റോബോട്ടിക്സിന്റെ ഭാവിയും വർത്തമാനവും, റോബോട്ടിക്സ് സ്റ്റാർട്ടപ് മേഖലയിലെ വെല്ലുവിളികൾ, സാധ്യതകൾ, പുതിയ കണ്ടെത്തലുകൾ തുടങ്ങിയവ ചർച്ചചെയ്ത് കൊച്ചിയിലെ റോബോട്ടിക് റൗണ്ട് ടേബിൾ ശ്രദ്ധേയമായി. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സിയാണ് ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ പരിപാടി സംഘടിപ്പിച്ചത്. ‘ഇന്നൊവേറ്റിങ് ഫ്യുച്ചർ-കേരളത്തിലെ റോബോട്ടിക്സ് മേഖലയിലെ മാർഗദർശികളും മുന്നോട്ടുവെക്കുന്ന അത്യാധുനിക പരിഹാരങ്ങളും’ എന്ന സെഷനിൽ മികച്ച നൈപുണ്യ ശേഷിയുള്ളവരെ തിരിച്ചറിയുന്നതും ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതുമാണ് റോബോട്ടിക് സ്റ്റാർട്ടപ് മേഖലയുടെ പ്രാഥമിക വെല്ലുവിളിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഈ മേഖലയിൽ പുതുതായി വരുന്നവർക്ക് സാങ്കേതിക പ്രവർത്തനങ്ങളെ മികവുറ്റ രീതിയിൽ പരിചയപ്പെടുത്തുന്നത് പ്രധാനമാണെന്ന് അസിമോവ് റോബോട്ടിക്സ് സി.ഇ.ഒ ടി. ജയകൃഷ്ണൻ പറഞ്ഞു. റോബോട്ടിക് സ്റ്റാർട്ടപ്പുകളുടെ രൂപകൽപന മുതൽ ഉപഭോക്താക്കളിൽ എത്തിക്കുന്നതു വരെ നിരവധി ഘട്ടങ്ങളിൽ പ്രതിബന്ധങ്ങളുണ്ടെന്ന് ശാസ്ത്ര റോബോട്ടിക്സ് സഹസ്ഥാപകൻ അഖിൽ അശോകൻ അഭിപ്രായപ്പെട്ടു. ഗ്രിഡ്ബോട്ട് ടെക്നോളജീസ് സി.ടി.ഒ പുൽകിത് ഗൗർ, ഐ റൗവ് സി.ഇ.ഒയും സ്ഥാപകനുമായ ജോൺസ് ടി. മത്തായി എന്നിവരും സംസാരിച്ചു. കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ അനൂപ് അംബിക മോഡറേറ്ററായി.
‘റോബോട്ടുകൾ നിത്യജീവിതത്തിൽ വിപ്ലവം സൃഷ്ടിക്കും’
എല്ലാ മേഖലകളിലെയും യന്ത്രവത്കരണത്തിനും അപ്പുറത്തേക്ക് വ്യാപിച്ച് ദൈനംദിന ജീവിതത്തിൽ റോബോട്ടുകൾ വിപ്ലവം സൃഷ്ടിക്കുമെന്ന് റോബോട്ടിക് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ അർമഡ എ.ഐ വൈസ് പ്രസിഡന്റ് പ്രാഗ് മിശ്ര പറഞ്ഞു. ദൈനംദിന ജീവിതത്തിലെ വിവിധ സേവനങ്ങൾ നൽകുന്ന റോബോട്ടുകളുടെ നിർമാണവും അവയുടെ പ്രവർത്തനസ്വാതന്ത്ര്യവും വിശ്വാസ്യതക്കും ഫലപ്രാപ്തിക്കും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്സെഞ്ച്വർ ഇൻഡസ്ട്രിയൽ എ.ഐ എം.ഡി ഡെറിക് ജോസ് റോബോട്ടുകളുടെ വിവിധ ബിസിനസ് മോഡലുകളെക്കുറിച്ച് വിശദമാക്കി. 2025 ജനുവരിയിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കു മുന്നോടിയായി വ്യത്യസ്ത മേഖലകൾ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളിൽ രണ്ടാമത്തേതാണ് റോബോട്ടിക് സമ്മേളനം. 195 സ്റ്റാർട്ടപ്പുകളും 400ലേറെ പ്രതിനിധികളുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
ആംഗ്യം കാണിക്കൂ, ജെസ്ടോക് സംസാരിക്കും…
കൊച്ചി: സംസാരശേഷിയില്ലാത്തവർക്കുവേണ്ടി ആംഗ്യഭാഷയെ സംസാരഭാഷയിലേക്ക് മാറ്റുന്ന സ്മാർട്ട് ഗ്ലൗ റോബോട്ട് റോബോട്ടിക്സ് റൗണ്ട് ടേബിൾ പ്രദർശനത്തിലെ കൗതുകക്കാഴ്ചയായി. കൈകൾകൊണ്ടുള്ള ഓരോ ആംഗ്യവും സംസാരമായി മാറ്റുന്ന ഈ റോബോട്ട് സംസാരശേഷി ഇല്ലാത്തവർക്കും മറ്റ് അവശതകൾ അനുഭവിക്കുന്നവർക്കും ആശയവിനിമയം എളുപ്പമാക്കുന്നതാണ്.
തിരുവനന്തപുരം ബാർട്ടൻഹിൽ എൻജിനീയറിങ് കോളജിലെ ഐ.ടി അവസാന വർഷ വിദ്യാർഥിയും പാലക്കാട് ചിറ്റൂർ സ്വദേശിയുമായ എ. വിമുനാണ് ജെസ്ടോക് എന്നു പേരിട്ട റോബോട്ടിന്റെ സൃഷ്ടാവ്. ലോകത്തെ പ്രധാന ഭാഷകളെല്ലാം റോബോട്ടിൽ പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നും കൈകാര്യം ചെയ്യാൻ കൂടുതൽ സൗകര്യമുള്ള സ്മാർട്ട് ഗ്ലൗ റോബോട്ടിന് പേറ്റന്റ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് താനെന്നും 22കാരനായ വിമുൻ വ്യക്തമാക്കി. നിരവധി ഐ.ടി, റോബോട്ടിക് പ്രദർശനങ്ങളിൽ പങ്കെടുക്കുകയും 40ലേറെ തവണ പുരസ്കാരം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. കോളജിലെ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് പ്രവർത്തനം.
കോളജ് കേന്ദ്രീകരിച്ച് റെഡ്ഫോക്സ് റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് സംരംഭവും നടത്തുന്നുണ്ട്. ജെസ്ടോക് കൂടാതെ വിവിധ കമ്പനികളുടെയും കൂട്ടായ്മകളുടെയും ശ്രമത്താൽ പിറവിയെടുത്ത റോബോട്ടുകൾ പ്രദർശനത്തിലുണ്ടായിരുന്നു. സമുദ്രപര്യവേക്ഷണത്തിനും മറ്റുമുപയോഗിക്കുന്ന ഐറോവ്, നായ്ക്കളുടെ മാതൃകയിൽ പ്രവർത്തിക്കുകയും നിർമിക്കുകയും ചെയ്ത റോബോഡോഗ്, നട്ടെല്ലിന് പരിക്കേറ്റവർക്ക് വ്യായാമം ചെയ്യാനും മറ്റുമായി യൂനിടെക്സോ, ഭക്ഷണം സ്വയം പാകംചെയ്യുന്ന സോളോഷെഫ് തുടങ്ങിയവ ഇതിൽ ചിലതാണ്. വിവിധ എൻജിനീയറിങ് കോളജ് വിദ്യാർഥികളും സ്വയം വികസിപ്പിച്ചെടുത്ത റോബോട്ടുകളുമായി പ്രദർശനത്തിൽ അണിനിരന്നു.