കോതമംഗലം: സി.പി.എമ്മിലെ കത്ത് വിവാദത്തിൽ ഏരിയ കമ്മിറ്റി അംഗവും നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റുമായ പി.എം. മജീദിന് പാർട്ടിയുടെ താക്കീത്. ഒന്നര വർഷത്തിന് ശേഷമാണ് പാർട്ടി ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷൻ കഴിഞ്ഞദിവസം ലോക്കൽ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മിറ്റിയും നെല്ലിക്കുഴി ബ്ലോക്ക് ഡിവിഷൻ അംഗം എം.എ. മുഹമ്മദും പ്രസിഡന്റിനെതിരെ ഏരിയ കമ്മിറ്റിക്ക് നൽകിയ പരാതി ചർച്ചക്കെടുക്കുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെതിരെയും ജില്ല കമ്മിറ്റി അംഗത്തിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച് സംസ്ഥാന – ജില്ല നേതൃത്വങ്ങൾക്ക് ഊമക്കത്ത് അയച്ചത് സംബന്ധിച്ച് അന്വേഷിക്കാൻ 2023 ജനുവരി അവസാനവാരം ചേർന്ന ഏരിയ കമ്മിറ്റി യോഗമാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്.
ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എം. മുഹമ്മദാലി, സാബു വർഗീസ് എന്നിവരടങ്ങുന്ന കമീഷൻ തെളിവെടുപ്പുകൾക്കും മറ്റും ശേഷം ആറുമാസം മുമ്പാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റിനെ താക്കീത് ചെയ്യാൻ ഏരിയ കമ്മിറ്റി തീരുമാനിച്ചെങ്കിലും റിപ്പോർട്ടിങ് ലോക്സഭ തെരഞ്ഞെടുപ്പും മറ്റ് കാരണങ്ങളും പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. പാർട്ടിക്കും പഞ്ചായത്ത് ഭരണത്തിനും അവമതിപ്പ് ഉണ്ടാക്കി എന്നാണ് കണ്ടെത്തൽ. ജില്ല കമ്മിറ്റി അംഗവും കവളങ്ങാട് ഏരിയ സെക്രട്ടറിയുമായ ഷാജി മുഹമ്മദിനെയാണ് നടപടി യോഗത്തിൽ അവതരിപ്പിക്കാൻ പാർട്ടി നിയോഗിച്ചത്. എന്നാൽ, ഷാജി മുഹമ്മദിന്റെ അസൗകര്യം കാരണം ഏരിയ സെക്രട്ടറി കെ.എ. ജോയി ആണ് നടപടി റിപ്പോർട്ട് ചെയ്തത്. അശമന്നൂർ – നെല്ലിക്കുഴി പഞ്ചായത്തുകളുടെ അതിർത്തിയായ മേതലയിൽ വ്യവസായ പാർക്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളാണ് വിവാദങ്ങളുടെ തുടക്കം.
കമീഷൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഭൂമി ഉടമസ്ഥർ സംസ്ഥാന സെക്രട്ടറിക്കും ജില്ല നേതൃത്വത്തിനും പരാതി നൽകിയിട്ട് മാസങ്ങളായി. ഇതിനു പുറമെ രണ്ടാം വാർഡിലെ പാറമടയിൽ ആശുപത്രി മാലിന്യങ്ങൾ തള്ളിയത് മാറ്റുന്നതുമായി ബന്ധപ്പെട്ട് പാറമട ഉടമസ്ഥരോടും മാലിന്യം തള്ളിയവരോടും പണം വാങ്ങി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതും വർഷങ്ങളായി പ്രവർത്തനാനുമതി നിഷേധിച്ച ഫ്ലാറ്റിന് അനുമതി നൽകിയതുമായ പരാതികൾ നിലനിൽക്കെയാണ് കത്ത് വിവാദം ഉടലെടുത്തത്.