പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തില്‍ കൈയേറ്റം മൂലം വിവാദമായ കുണ്ടൂര്‍ തോട്ടിലേക്ക് ശുചിമുറി മലിനജലം ഒഴുക്കിയതിന് രണ്ടുപേര്‍ക്കെതിരെ സെക്രട്ടറി പിഴ ചുമത്തി.ഒക്കല്‍ കൂട്ടുങ്ങല്‍ വീട്ടില്‍ കെ.കെ. ഷാജി, കൊഴയംവേലി മോഹനന് എന്നിവര്‍ക്കെതിരെയാണ് മാലിന്യ സംസ്കരണ നിയമ ലംഘനം നടത്തിയതിന് പഞ്ചായത്തീരാജ് വകുപ്പുകള്‍ പ്രകാരം നോട്ടീസ് നല്‍കിയത്. 10,000 രൂപ പിഴയടക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരാള്‍ തോടിനോട് ചേര്‍ന്ന് ശുചിമുറി സ്ഥാപിച്ച് മാലിന്യം ഒഴുക്കുകയും മറ്റെയാള്‍ വീട്ടിലെ ശുചിമുറിയില്നിന്നുമുള്ള മലിനജലം പൈപ്പ് വഴി തോട്ടിലേക്ക് ഒഴുക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കൈയേറ്റം ഒഴിപ്പിച്ച ശേഷം തോട് ശുചീകരിക്കാന്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളെ ഏര്‍പ്പെടുത്തിയെങ്കിലും മാലിന്യമുള്ളതിനാല്‍ അവര്‍ തോട്ടിലിറങ്ങാന്‍ വിസമ്മതിച്ചു. ഇതോടെയാണ് പഞ്ചായത്ത് പരിശോധിച്ച് നടപടിയിലേക്ക് നീങ്ങിയത്. ഏഴ; ദിവസത്തിനകം പിഴ അടക്കാത്തപക്ഷം തുടര്‍നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുണ്ട്. കുണ്ടൂര്‍ തോട് ഒഴുകിയെത്തുന്നത് പെരിയാറിലേക്കാണ്. പഞ്ചായത്തിലെ ശുദ്ധജലത്തിന് ക്ഷാമമുള്ള വാര്‍ഡുകളിലേക്ക് പെരിയാറില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് വിതരണം ചെയ്യുന്നുണ്ട്.