കൊച്ചി: മലയാളിയുടെ തീൻമേശയിലെ ഇഷ്ടഭക്ഷണമാണ് മത്സ്യ വിഭവങ്ങൾ. എന്നാൽ, കുറേ ദിവസമായി പച്ചമീൻ വിപണിയിൽനിന്നു വരുന്ന വാർത്തകൾ ഭക്ഷണപ്രേമികൾക്ക് ആശ്വാസകരമല്ല. റോക്കറ്റ് പോലെ കുതിച്ചുയരുന്ന വില തന്നെയാണ് പ്രധാന കാരണം. ചാളയും അയലയും ഉൾപ്പെടെയുള്ള ജനകീയ മത്സ്യങ്ങളൊന്നും കിട്ടാനേയില്ല. വിരളമായി കിട്ടുന്നതിനാകട്ടെ തീവിലയും. ട്രോളിങ് നിരോധനം ആറു ദിവസം പിന്നിടുമ്പോഴാണ് ഈ വിലവർധന.
വിനയായത് ലഭ്യതക്കുറവും ട്രോളിങ്ങും
പൊതുവെയുള്ള ലഭ്യതക്കുറവാണ് പരമ്പരാഗത മത്സ്യങ്ങൾക്ക് വിലയേറാൻ കാരണം. ട്രോളിങ്ങും കൂടിയെത്തിയതോടെ ലഭ്യതക്കുറവ് വർധിച്ചു. സാധാരണ ഗതിയിൽ ട്രോളിങ് നിരോധനകാലത്ത് കടലിൽ പോകുന്ന വള്ളങ്ങൾക്ക് മത്തി, അയല മീനുകൾ വൻതോതിൽ ലഭിക്കാറുണ്ട്. എന്നാൽ, ഇക്കുറി നേരെ തിരിച്ചാണ് സംഭവിച്ചത്. കടലിൽ പോയ വള്ളങ്ങൾക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. ഇതോടെ ട്രോളിങ്ങിന് മുമ്പ് 200-220 രൂപ വരെയത്തിയ മത്തിക്ക് 300-350 രൂപയാണ് ഇപ്പോഴത്തെ വില.
വൈപ്പിൻ ഹാർബറിൽ ചെറിയ അയല -280, വലിയ അയല -400, മത്തി -(പൊന്നാനി -350), മത്തി (തമിഴ്നാട് -290,300) എന്ന വിലയിലാണ് ശനിയാഴ്ചത്തെ കച്ചവടം നടന്നത്. ഒരുമാസത്തിനിടെ കിലോയിൽ 150 രൂപയുടെ വരെ വർധനയാണ് മീൻ വിലയിലുണ്ടായത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ട്രോളിങ് കാലം അവസാനിച്ച് അവിടെ ബോട്ടുകൾ കടലിൽ പോയി വലിയ രീതിയിൽ മത്സ്യബന്ധനം ആരംഭിച്ച് തുടങ്ങി. ഇത് കേരളത്തിലേക്ക് എത്തുന്നതോടെ വിലയിടിയുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
മത്സ്യലഭ്യതക്കുറവ് കാലാവസ്ഥ വ്യതിയാനം മൂലമെന്ന്
കേരള തീരത്ത് മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ ലഭ്യതക്കുറവിന് കാരണം കാലാവസ്ഥ വ്യതിയാനമാണെന്നാണ് പഠനങ്ങൾ പറയുന്നത്. രൂക്ഷമായ ചൂടാണ് ഇതിൽ പ്രധാന വില്ലൻ. സാധാരണഗതിയിൽ 26-27 ഡിഗ്രി സെൽഷ്യസ് ചൂടിൽ മാത്രമേ മത്തിക്ക് അതിജീവിക്കാൻ പറ്റൂവെങ്കിൽ കാലാവസ്ഥ വ്യതിയാനം മൂലം അറബിക്കടലിലെ ചൂട് ഇപ്പോൾ 30-32 ഡിഗ്രിവരെയാണ്. ഇത് മീൻ ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 2012ൽ 3,90,000 ടൺ മത്തി ലഭിച്ചെങ്കിൽ 11 വർഷം പിന്നിടുമ്പോൾ കഴിഞ്ഞ വർഷം ലഭിച്ചത് 1,38,000 ടൺ ചെറിയ മത്തിയാണ്. അയല ഉൽപാദനത്തിലും ഈ ഇടിവുണ്ട്. 2022ൽ 1,10,000 ടൺ അയല ലഭിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം അത് 73,000 ടണ്ണായി കുറഞ്ഞു. ഒരു വർഷം ശരാശരി 9.25 ലക്ഷം ടൺ മീൻ മലയാളി തീൻമേശയിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ആറു ലക്ഷം ടണ്ണാണ് ഇവിടെയുൽപാദിപ്പിക്കുന്നത്. ബാക്കി 3.25 ലക്ഷം ടണ്ണും ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുകയാണ്.
മീനിനും തമിഴ്നാടിനെ ആശ്രയിക്കണം !
മത്സ്യ ലഭ്യതക്കുറവ് വില്ലനാകുന്നതോടെ തീൻ മേശയിലെ ഇഷ്ട മത്സ്യ വിഭവങ്ങൾക്കായി തമിഴ്നാടിനെ ആശ്രയിക്കണമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം, തൂത്തുക്കുടി അടക്കമുള്ള മേഖലകളിലാണ് മലയാളികളുടെ ഇഷ്ടവിഭമായ നെയ്ചാള അടക്കമുള്ളവ വൻതോതിൽ ലഭിക്കുന്നത്. അവിടത്തുകാർക്കാകട്ടെ ഇത്തരം മീനുകളിൽ വലിയ കമ്പവുമില്ല. അതിനാൽ ഇത് വൻതോതിൽ കേരളത്തിലേക്കാണ് വിപണനത്തിനായി എത്തുന്നത്.
ട്രോളിങ് നിരോധനം മാറി തമിഴ്നാട്ടിൽ ബോട്ടുകൾ കടലിലിറങ്ങി തുടങ്ങിയത് കഴിഞ്ഞദിവസം മുതലാണ്. അവിടെ വൻ തോതിൽ മത്തി, അയല ഉൾപ്പെടെയുള്ള മത്സ്യങ്ങൾ ലഭിച്ച് തുടങ്ങിയാൽ ഇവിടെ 100-120 രൂപയിലേക്ക് വില താഴും. ഇത്തരത്തിൽ ചെറുമീനുകളുടെ വില താഴ്ന്നാൽ മറ്റു മീനുകളുടെയും വിലതാഴ്ന്ന് തുടങ്ങും. മത്തി, അയല ഉൾപ്പെടെയുള്ള മീനുകളുടെ വിലവർധന മറ്റ് മീനുകൾക്കും വിലക്കയറ്റമുണ്ടാക്കിയിട്ടുണ്ട്.