ആലുവ: ബൈപാസ് അടിപ്പാതകളിൽ സ്ലാബുകൾ തകർന്ന കാനകൾ അപകടങ്ങൾക്ക് ഇടയാക്കുന്നു. മേൽപാലത്തിന് കീഴിൽ നിരവധി അടിപ്പാതകളുണ്ട്. ഈ വഴികളിലെ കാനകളാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. മാർക്കറ്റ് പരിസരത്തെ അടിപ്പാതയിലാണ് കൂടുതൽ ഭീഷണിയുള്ളത്. നഗരത്തിൽനിന്ന് അങ്കമാലി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും ഇതുവഴിയാണ് ദേശീയ പാതയിലേക്ക് പോകുന്നത്. ഈ വഴിയുടെ വളവിലാണ് പ്രധാനമായും സ്ലാബ് തകർന്നിരിക്കുന്നത്. വർഷങ്ങൾ ഏറെയായി ഈ അവസ്ഥ തുടരുന്നു. ഇവിടെ വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവാണ്. തിരക്കേറിയ ഈ ഭാഗത്ത് ഇരുചക്രവാഹനങ്ങൾ കാനയിൽ ചാടുന്നതും പതിവാണ്.
ഈ പ്രശ്നം ചൂണ്ടിക്കാട്ടി നിരവധി പരാതികൾ നഗരസഭക്കടക്കം പലതവണ നൽകിയിരുന്നു. എന്നാൽ, ശാശ്വത പരിഹാരത്തിന് നടപടിയില്ല. മെട്രോ സൗകര്യവത്കരണവുമായി ബന്ധപ്പെട്ട് കാന നിർമിച്ചപ്പോൾ അശാസ്ത്രീയ നിർമാണമാണെന്ന് യാത്രക്കാർ ആരോപിച്ചിരുന്നു. എന്നാൽ, അധികൃതർ ഗൗനിച്ചില്ല. ഇതാണ് പിന്നീട് തീരാദുരിതമായത്. കാന നിർമാണത്തിലെ അശാസ്ത്രീയത മൂലം അടിപ്പാതകളിൽ വെള്ളക്കെട്ടും പതിവാണ്. ചെറുമഴക്കുപോലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.