മൂവാറ്റുപുഴ: കപ്പ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷം ഉയർന്ന വില ലഭിച്ചതിനെ തുടർന്ന് ഇത്തവണ വ്യാപകമായി കപ്പ കൃഷി ചെയ്തിരുന്നെങ്കിലും വില കുത്തനെ കുറഞ്ഞതോടെ കടക്കെണിയിലാകുന്ന അവസ്ഥയിലാണ് കർഷകർ. കഴിഞ്ഞ വർഷം 25 -30 രൂപ വരെ വിലയുയർന്ന കപ്പക്ക് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത് 13 -15 രൂപയാണ്. ചില്ലറ വില 25 വരെ ഉണ്ടെങ്കിലും കർഷകർക്ക് വില ലഭിക്കുന്നില്ല. മഴ കൂടിയായതോടെ മൊത്ത വ്യാപാരികൾ തോന്നിയ വില നൽകിയാണ് കർഷകരിൽനിന്ന് വാങ്ങുന്നത്.
മറ്റ് കാർഷിക വിളകൾക്ക് നല്ല വില ലഭിക്കുമ്പോഴാണ് കപ്പ കർഷകർക്ക് ഈ ദുർഗതി. ഒരു കിലോ കപ്പക്ക് 20 രൂപയെങ്കിലും ലഭിച്ചാലേ അധ്വാനത്തിന്റെ ഫലം ലഭിക്കൂ. കഴിഞ്ഞ വർഷം 600 രൂപ കൂലി ഉണ്ടായിരുന്നത് ഈ വർഷം 700 രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷവും വളം വിലയും വർധിച്ചു. കപ്പ വിഭവങ്ങള്‍ സ്റ്റാര്‍ ഹോട്ടലുകളുടെ വരെ മെനുവില്‍ ഇടം പിടിച്ചതോടെ കപ്പയുടെ ഡിമാൻഡ് ഉയർന്നിരുന്നു. ഹോട്ടലുകളും മറ്റും ഉള്‍കൊള്ളുന്ന ആഭ്യന്തര വിപണിയെ ലക്ഷ്യമിട്ടാണ് കപ്പ ഇവിടെ ഉൽപാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ദീര്‍ഘനാളത്തേക്ക് സംഭരിക്കാന്‍ കഴിയില്ല.
അയൽ സംസ്ഥാനമായ തമിഴ്നാട് വ്യാവസായിക അടിസ്ഥാനത്തിൽ കപ്പ ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്. മൂല്യ വർധിത ഉൽപന്നങ്ങളും അവിടെ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നുണ്ട്. എന്നാൽ, ഇവിടെ ഇത്തരം സംവിധാനങ്ങളൊന്നുമില്ല. ആഭ്യന്തര വിപണയിൽ ഭക്ഷ്യ വസ്തുവെന്ന നിലയിൽ തന്നെ കപ്പക്ക് പ്രിയമേറിയതാണ് വ്യാപകമായി കൃഷി ചെയ്യാൻ കർഷകരെ പ്രേരിപ്പിച്ചത്. കൂടുതൽ വിള കിട്ടുന്ന കപ്പ ഇനങ്ങളായ എച്ച് -226, എച്ച് -165, ശ്രഹർഷ, മിക്സർ, കറുത്ത മിക്സർ, രാമൻ തുടങ്ങിയ ഇനം കപ്പകളാണ് കൂടുതലായി കൃഷി ചെയ്തത്. വിലയിലെ ഇടിവ് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുന്നവരുടെ നടുവൊടിച്ചു. മഴ ശക്തിയായി വെള്ളപ്പൊക്ക ഭീഷണി ഉയർന്നതോടെ ചില ഇടങ്ങളിൽ കപ്പ വെറുതെ കൊടുക്കുകയും ചെയ്തു.