കളമശ്ശേരി: സർക്കാർ അനുമതിയില്ലാത്ത സാശ്രയ അധ്യാപക തസ്തികകൾ കൂടി സംവരണ റോസ്റ്ററിൽ ഉൾപ്പെടുത്തി സംവരണം അട്ടിമറിച്ച് കുസാറ്റിൽ അധ്യാപക നിയമനങ്ങൾ വിജ്ഞാപനം ചെയ്തതായി ആക്ഷേപം. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരക്കിട്ട് അസി. പ്രഫസർമാരെ കൂട്ടത്തോടെ നിയമിക്കുന്നെന്നാണ് ആക്ഷേപം. സംവരണം പൂർണമായി അട്ടിമറിച്ചുള്ള നിയമന വിജ്ഞാപനത്തിന്മേലുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
കേരളത്തിലെ വിവിധ സർവകലാശാലകളിൽ താൽകാലിക ചുമതല വഹിക്കുന്ന വിസിമാർ സ്ഥിരം അധ്യാപക നിയമനങ്ങൾ നടത്തുന്നില്ല. ഇതിനിടെയാണ് കുസാറ്റിൽ താൽകാലിക വി.സി സംവരണം അട്ടിമറിച്ച് നിയമനങ്ങൾ നടത്താൻ നടപടികൾ ആരംഭിച്ചത്. സർവകലാശാലയിലെ വകുപ്പുകൾക്ക് അനുവദിച്ച അധ്യാപക തസ്തികൾ വേണ്ടപ്പെട്ടവരെ നിയമിക്കാനായി സൗകര്യപൂർവം മറ്റ് ചില വകുപ്പുകളിലേക്ക് മാറ്റി വിജ്ഞാപനം ചെയ്തതായാണ് കാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നത്.
ഇത് ചട്ടവിരുദ്ധമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വ്യാപകമായ അധ്യാപക നിയമനങ്ങൾ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുസാറ്റിൽ പുതിയ നിയമനങ്ങൾ കൂടി നടത്തുന്നതോടെ മൂന്ന് കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും. അധ്യാപകരുടെ അധ്വാന ഭാരം പുനനിർണയം ചെയ്യാതെയാണ് പുതിയ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും സേവ് യൂനിവേഴ്സിറ്റി ആരോപിക്കുന്നു.