ആലുവ: ദേശീയപാതയിൽ കേടായ ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയർ കുടുങ്ങി ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. മാറമ്പിള്ളി കുന്നത്തുകരയിൽ താമസിക്കുന്ന എളമന തൂമ്പളായിൽ പരേതനായ അബ്ബാസിന്റെ മകൻ ഫഹദാണ് (20) മരിച്ചത്.
കളമശേരി ഗവ. ഐ.ടി.ഐ വിദ്യാർഥിയായ ഫഹദ് ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ അമ്പാട്ടുകാവ് ഭാഗത്തെ യു ടേണിലാണ് ദാരുണ സംഭവം.
കേടായ ഓട്ടോറിക്ഷയെ കയറുപയോഗിച്ച് മറ്റൊരു ഓട്ടോറിക്ഷ കെട്ടിവലിക്കുകയായിരുന്നു. എറണാകുളം ഭാഗത്തേക്കുള്ള റോഡിൽ നിന്ന് ആലുവ ഭാഗത്തേക്കുള്ള റോഡിലേക്ക് യു ടേൺ തിരിയാൻ കിടന്ന ഓട്ടോറിക്ഷകൾക്കിടയിലുണ്ടായിരുന്ന കയർ താഴ്ന്ന് കിടക്കുകയായിരുന്നു. ഇത് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഫഹദിെന്റ ശ്രദ്ധയിൽപെട്ടിരുന്നില്ല. ബൈക്ക് അടുത്തെത്തിയപ്പോഴേക്കും കയർ പൊങ്ങുകയും ഫഹദിന്റെ കഴുത്ത് ഇതിൽ തട്ടുകയും ചെയ്തു. ഹെൽമെറ്റ് തെറിച്ചുപോയി. ഇതേ തുടർന്ന് പുറകിലേക്ക് തെറിച്ചുവീണ ഫഹദിന്റെ തലക്ക് സാരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: ലൈല. സഹോദരി: ഫർസാന.