ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനി ലോറി തട്ടി ഭാര്യ മരിച്ചു

Estimated read time 1 min read

ചെങ്ങമനാട്: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ മിനിലോറി തട്ടി ഭാര്യക്ക് ദാരുണാന്ത്യം. ഭർത്താവും, ആറ് വയസുകാരനായ മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിന്‍റെ ഭാര്യ സിജിയാണ് (38) മരിച്ചത്.

അത്താണി – പറവൂർ റോഡിൽ ചുങ്കം പെട്രോൾ ബങ്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 3.25നായിരുന്നു അപകടം. മൂവരും സിജിയുടെ കുന്നുകര ഐരൂരിലുള്ള വീട്ടിൽ പോയി മടങ്ങിവരുമ്പോൾ വഴിയോരത്തെ ചരലിൽ കയറി തെന്നി സ്കൂട്ടർ നിയന്ത്രണം വിടുകയായിരുന്നു. ഈ സമയം സമാന്തരമായി സഞ്ചരിച്ച മിനിലോറിയുടെ ഹുക്ക് സ്കൂട്ടറിൽ കൊളുത്തി. സ്കൂട്ടറിൽ നിന്ന് സിജി വലത്തോട്ട് തലകീഴായി വീഴുകയും ലോറിയുടെ ടയർ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു.

തൽക്ഷണം മരണം സംഭവിച്ചു. ബൈജുവും കുട്ടിയും ഇടതുവശത്തേക്ക് വീണതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

കുന്നുകര അയിരൂർ പുതുശ്ശേരി പൗലോസിന്‍റെ മകളാണ് മരിച്ച സിജി. മക്കൾ: അനറ്റ് (പ്ലസ്ടു), അലോൺസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയോടെ ചെങ്ങമനാട് സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയിൽ.

You May Also Like

More From Author