കൊച്ചി: വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ മറവിൽ ഇരുപതോളം പേരിൽ നിന്ന് പത്ത് ലക്ഷത്തിലധികം രൂപ തട്ടിയെന്ന കേസിൽ ട്രാവൽ ഏജൻസി മാനേജർ അറസ്റ്റിൽ.
എളംകുളം മെട്രോ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സിറ ഇൻറർനാഷനൽ സ്ഥാപനത്തിന്റെ മാനേജർ നോർത്ത് പറവൂർ കൈതാരം സ്വദേശി ഉണ്ണിമായയെയാണ് (27) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഭർത്താവും സ്ഥാപന ഉടമയുമായ ഷിനോയി ഒളിവിലാണ്. ഇയാൾക്കായി സൗത്ത് പൊലീസ് തിരച്ചിൽ ആരംഭിച്ചു.
മാവേലിക്കര സ്വദേശിയിൽ നിന്ന് 69,000 രൂപയും കൊല്ലം സ്വദേശിയിൽ നിന്ന് 76,000 രൂപയും തട്ടിയെന്നാണ് കേസ്. ലണ്ടനിലേക്ക് പോകാനും തിരിച്ചുവരാനുമുള്ള ടിക്കറ്റെടുത്ത് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.
യാത്രക്കാർ പറയുന്ന തിയതിയിൽ നാലു ദിവസം മുമ്പോ ശേഷമോ ടിക്കറ്റ് ബുക്ക് ചെയ്യും. ഇക്കാര്യം ചോദ്യം ചെയ്താൽ ടിക്കറ്റ് കാൻസൽ ചെയ്യേണ്ടി വരുമെന്ന് പറയും. കൊടുത്ത പണം ആവശ്യപ്പെട്ടാൽ കാൻസൽ ചെയ്ത് 70 ദിവസത്തിന് ശേഷമേ ലഭിക്കുകയുള്ളുവെന്നായിരിക്കും മറുപടിയെന്ന് പരാതിക്കാർ പറയുന്നു. അല്ലെങ്കിൽ 50 ശതമാനം തുകയേ തിരിച്ചു കിട്ടൂ എന്നും പറയും. ചിലരോട് ഒരു രൂപ പോലും തിരികെ കിട്ടില്ലെന്നും പറഞ്ഞിരുന്നു. കൂടുതൽ പണം നൽകിയാൽ ആവശ്യപ്പെട്ട സമയത്ത് ടിക്കറ്റ് നൽകാമെന്ന വാഗ്ദാനവും ഇവർ നൽകിയിരുന്നതായി പൊലീസ് വ്യക്തമാക്കി.
ഇരുപതോളം പരാതികളാണ് ഇവരുടെ പേരിലുള്ളത്. നാലു പരാതികളിൽ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.