തൃപ്പൂണിത്തുറ: നഗരത്തിലെ ഇസാഫ് ബാങ്കിൽ കവർച്ച. തൃപ്പൂണിത്തുറ, വൈക്കം റോഡിൽ കണ്ണൻകുളങ്ങരക്ക് സമീപത്തെ ഇസാഫ് ബാങ്കിന്റെ ബ്രാഞ്ചിലാണ് കവർച്ച നടന്നത്.
സി.സി.ടി.വി പരിശോധിച്ചതിൽ വ്യാഴാഴ്ച പുലർച്ച 4.49നാണ് മോഷണം നടന്നതെന്ന് തെളിഞ്ഞു. മോഷ്ടാവ് ഹെൽമറ്റ് ധരിച്ചാണ് അകത്തുകയറിയത്. 263,000 രൂപ കവർന്നതായി ബാങ്ക് ജീവനക്കാർ പറഞ്ഞു.
ബാങ്കിന്റെ ഒന്നാം നിലയിലെ ലോൺ വിഭാഗത്തിന്റെ മുറിയിലെ ലോക്കർ അലമാര തകർത്താണ് കവർച്ച നടത്തിയത്.
മുറിയിൽ നാല് അലമാരകൾ ഉണ്ടെങ്കിലും കൃത്യമായി പണം സൂക്ഷിച്ച അലമാര മാത്രമാണ് തകർത്തത്. തിങ്കളാഴ്ചയാണ് ഈ അലമാരയിലെ ലോക്കറിലേക്ക് ബാങ്ക് പണം മാറ്റിയത്. ബാങ്കിന്റെ ഇടപാടുകളെക്കുറിച്ച് കൃത്യമായി അറിയാവുന്നയാളാണ് കവർച്ച നടത്തിയതെന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഇവർ ഉടൻ പിടിയിലാവുമെന്നും ഹിൽ പാലസ് സ്റ്റേഷൻ ഓഫിസർ കെ.ബി. ആനന്ദ് ബാബു പറഞ്ഞു.
വിരലടയാള വിദഗ്ധൻ ഡോ. എസ്.എസ്. ഷാജി സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ഹിൽപാലസ് എസ്.ഐ. ടോൾസൺ, രാജീവ് നാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
പൊലീസ് സ്റ്റേഷന് നൂറു മീറ്റർ മാത്രമാണ് കവർച്ച നടന്ന ബാങ്കുമായി അകലം.