അങ്കമാലി: ചെമ്പന്നൂർ സിഡ്കോ വ്യവസായ മേഖലയിലെ കിടക്ക നിർമാണക്കമ്പനിയിൽ തീപിടിത്തം. ആളപായമില്ല. അഗ്നിരക്ഷ സേന യൂനിറ്റുകളെത്തിയാണ് തീയണച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. സ്പോഞ്ചും പഞ്ഞിയും ചകിരിയും അനുബന്ധ അസംസ്കൃത വസ്തുക്കളും ശേഖരിച്ച ഗോഡൗണിലായിരുന്നു അഗ്നിബാധയുണ്ടായത്. പുതുതായി ആരംഭിച്ച കമ്പനിയായിരുന്നു. അതിനാൽ കൂടുതൽ സ്റ്റോക്കുണ്ടായിരുന്നില്ല. ഗോഡൗണിൽനിന്ന് പുകയുയരുന്നത് കണ്ട് തൊഴിലാളികൾ ഓടിയെത്തിയപ്പോൾ അസംസ്കൃത വസ്തുക്കളിൽ പൂർണമായും തീപടർന്നിരുന്നു.
തീയണക്കാൻ തൊഴിലാളികൾ നടത്തിയ ശ്രമം പരാജയപ്പെട്ടു. വിവരമറിഞ്ഞ് അങ്കമാലി അഗ്നിരക്ഷ സേനയെത്തിയെങ്കിലും തീപടരുകയായിരുന്നു. അതിവേഗം തീബാധിക്കുന്ന അസംസ്കൃത വസ്തുക്കളായതിനാൽ സമീപങ്ങളിലേക്കും പടരാൻ സാധ്യത ഉയർന്നതോടെ പെരുമ്പാവൂർ, ചാലക്കുടി, ആലുവ അഗ്നിരക്ഷ സേന യൂനിറ്റുകളും സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീപൂർണമായും അണച്ചത്. കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ല.