ആലുവ: പൂർവികരുടെ സ്മരണയിൽ ബലിപിണ്ഡങ്ങൾ പെരിയാറിൽ സമർപ്പിച്ച് ആത്മസംതൃപ്തിയോടെ ഭക്തർ.ശിവരാത്രി രാവിൽ മണപ്പുറത്ത് ഉറക്കമൊഴിച്ച് കാത്തിരുന്നാണ് പതിനായിരക്കണക്കിന് ഭക്തർ ബലിതർപ്പണം നടത്തിയത്. മഹാദേവ ക്ഷേത്രത്തിൽ രാത്രി പന്ത്രണ്ടുമണിയോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷമാണ് ബലിത്തർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. 116 ബലിത്തറകളാണ് മണപ്പുറത്ത് ഒരുക്കിയിരുന്നത്. വെള്ളിയാഴ്ച്ച രാവിലെ മുതൽ ഭക്തർ മണപ്പുറത്തേക്ക് എത്തിയിരുന്നു. ഇതിൽ പലരും ഒറ്റക്കൊറ്റക്ക് ബലിതർപ്പണം നടത്തി. ഉച്ചക്ക് ശേഷം കൂട്ടമായി ഭക്തർ മണപ്പുറത്തേക്കെത്തുകയായിരുന്നു. സന്ധ്യ കഴിഞതോടെ നഗരത്തിലെ റോഡുകളിലൂടെയും ദേശീയപാതയിലൂടെയും ഭക്തർ ഒഴുകിയെത്തി. വൈകിയെത്തിയവരാണ് മണപ്പുറത്ത് ഉറക്കമൊഴിച്ച് കഴിച്ചുകൂട്ടിയ ശേഷം ബലിതർപ്പണം നടത്തിയത്. രാത്രി 12 മണിക്ക് ക്ഷേത്രത്തിലെ ശിവരാത്രി വിളക്ക് ആരംഭിച്ച ശേഷമാണ് കൂട്ടമായി ബലിതർപ്പണം നടന്നത്.
ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് മേൽശാന്തി മുല്ലപ്പിള്ളി മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ബലിതർപ്പണം ഞായറാഴ്ച ഉച്ചവരെ നീളും.
പുഴക്കക്കരെ ആലുവ അദ്വൈതാശ്രമത്തിലും ബലിത്തര്പ്പണം നടന്നു. വിശ്വാസികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നഗരസഭയാണ് ഒരുക്കിയിരുന്നത്. മണപ്പുറത്ത് തീർത്ത പ്രത്യേക നഗരസഭ ഓഫിസിൽ രാത്രി കൗൺസിലർമാർ പ്രത്യേക യോഗം ചേർന്നു. ചെയർമാൻ എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു.