ആലുവ: ശിവരാത്രി ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങളോടെ ആലുവ നഗരസഭ. മണപ്പുറത്തേയും നഗരത്തിലേയും ഒരുക്കം പൂര്‍ത്തിയാകുന്നതായി ചെയർമാൻ എം.ഒ. ജോൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പതിവുപോലെ ശിവരാത്രി മുതല്‍ ഒരു മാസം നീളുന്ന വ്യാപാരമേളയും അമ്യൂസ്മെന്റ് പാര്‍ക്കും മണപ്പുറത്തുണ്ടാണ്ടാകും. ആധ്യാത്മിക ചടങ്ങുകള്‍ക്ക് ദേവസ്വം ബോർഡാണ് ക്രമീകരണം ഏര്‍പ്പെടുത്തുക. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള നടപടികളാണ് നഗരസഭ കൈക്കൊണ്ടത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിക്കും.
മണപ്പുറം പരവതാനി വിരിച്ച് മനോഹരമാക്കും. വ്യാപാരമേളയില്‍ 200 ഓളം സ്റ്റാൾ ഉണ്ടാകും. ഒരുമാസം മണപ്പുറത്തേയും നഗരത്തിലേയും ക്രമസമാധാന പരിപാലനവും ട്രാഫിക് നിയന്ത്രണവും ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലാകും. മണപ്പുറത്ത് താൽകാലിക പൊലീസ് സ്റ്റേഷനും പ്രവര്‍ത്തിക്കും. ശിവരാത്രിനാളില്‍ മാത്രം 1200 ഓളം പൊലീസ് ഡ്യൂട്ടിക്കുണ്ടാകും. വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാന്‍ കെ.എസ്.ഇ.ബി ശ്രദ്ധിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കും. മണപ്പുറത്ത് കുടിവെള്ളം ലഭ്യമാക്കാൻ പ്രത്യേക കണക്ഷൻ എടുത്തിട്ടുണ്ട്. ജനങ്ങള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാൻ ജില്ല ആശുപത്രിയുടെ പ്രഥമ ശുശ്രൂഷ യൂനിറ്റുണ്ടാകും.
ആലുവ എസ്.ബി.ഐയുടെ ശിവരാത്രി നാളിലെ സൗജന്യ ചുക്കുകാപ്പി വിതരണം ഇക്കൊല്ലവും ഉണ്ടാകും. വാച്ച് ടവറുകളും റവന്യു ഓഫിസും മീഡിയ റൂമും ഉണ്ടാകും. മതിയായ ശുചിമുറി സൗകര്യവും ഒരുക്കുന്നുണ്ട്.
വ്യാപാരികളുടെ ദീപാലങ്കാരമത്സരം പുനരാരംഭിച്ചു
ശിവരാത്രിക്കാലത്ത് മണപ്പുറത്തിനൊപ്പം നഗരത്തേയും വർണാഭമാക്കാന്‍ വ്യാപാരികളുടെ ദീപാലങ്കാരമത്സരം ഇത്തവണ പുനരാരംഭിക്കുകയാണ്. ആലുവ മര്‍ച്ചന്റ്സ് അസോസിയേഷനാണ് നേതൃത്വം നല്‍കുക. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കും. മുനിസിപ്പല്‍ ഓഫിസ്, ടൗണ്‍ ഹാളുകള്‍, ഗാന്ധി സ്ക്വയര്‍, മുനിസിപ്പല്‍ പാര്‍ക്ക്, മാര്‍ത്താണ്ഡവർമ പാലം, നടപ്പാലം എന്നിവ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിക്കും.
പൊതുഗതാഗതം സുഗമമാക്കും
ഭക്തരുടെ സൗകര്യാർഥം കെ.എസ്.ആര്.ടി.സി 250 ഓളം പ്രത്യേക സര്‍വിസ് നടത്തും. മണപ്പുറത്ത് താൽകാലിക സ്റ്റേഷന് മാസ്റ്റര്‍ ഓഫിസും വര്‍ക്ക്ഷോപ്പും സ്ഥാപിക്കും. കൊച്ചി മെട്രോ ശിവരാത്രി നാളില്‍ രാത്രി മുഴുവന്‍ പ്രത്യേക സര്‍വിസ് നടത്തും. ദക്ഷിണറയില്വേയും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. സ്വകാര്യ ബസുകളും പ്രത്യേക സർവിസ് നടത്തും.
ശിവരാത്രി നാളില്‍ ഡ്രൈ ഡേ
ശിവരാത്രി നാളില്‍ ആലുവയില്‍ ഡ്രൈ ഡേ പ്രഖ്യാപിക്കാന്‍ ജില്ല ഭരണകൂടം നടപടി സ്വീകരിക്കുന്നുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് അനധികൃത മദ്യവില്പന തടയാനും നിരോധിത ലഹരി വസ്തുക്കള്‍ കണ്ടെത്താനും എക്സൈസ് വകുപ്പ് പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കും.
ദൃശ്യോത്സവം
ശിവരാത്രി ആഘോഷത്തോടുബന്ധിച്ച് നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടിയായ ദൃശ്യോത്സവം ഇക്കൊല്ലവും ഉണ്ടാകും. ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ ശേഷം ഏപ്രില്‍ ഒന്ന് മുതല്‍ ഏഴുവരെ വൈകുന്നേരം ആറ് മുതലാണ് പരിപാടി അരങ്ങേറുക. മണപ്പുറത്തെ വയലാര്‍ സ്മൃതിമണ്ഡപമാണ് വേദി.
പ്രത്യേക കൗണ്‍സിൽ യോഗം
താൽകാലിക മുനിസിപ്പല്‍ ഓഫിസ് ശിവരാത്രിക്ക് തലേദിവസം മുതല്‍ ഒരു മാസം പ്രവര്‍ത്തിക്കും. ശിവരാത്രി ആഘോഷങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ പ്രത്യേക യോഗം ശിവരാത്രി നാളില്‍ വൈകീട്ട് ആറിന് താൽകാലിക ഓഫിസില്‍ ചേരും.
സുരക്ഷക്ക് വിപുലമായ സംവിധാനങ്ങൾ
അടിയന്തര രക്ഷാപ്രവര്‍ത്തനം മുന്‍നിര്‍ത്തി നേവിയുടെ മുങ്ങല്‍ വിദഗ്ധരുടേയും ഫയര്‍ ഫോഴ്സിന്റെ സ്കൂബ ഡൈവിങ് ടീമിന്റെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെയും സേവനം ലഭ്യമാകും. ഫയര്‍ഫോഴ്സ്, നഗരസഭ, മര്‍ച്ചന്റ്സ് അസോസിയേഷന്, ആശുപത്രികള്‍ എന്നിവരുടെ ആംബുലന്‍സുകള്‍ മണപ്പുറത്തും മറ്റ് കേന്ദ്രങ്ങളിലുമായി സജ്ജീകരിക്കും. അഗ്നിരക്ഷസേനയുടെ താൽകാലിക യൂനിറ്റ് പ്രവര്‍ത്തിക്കും. മണപ്പുറത്ത് എത്തുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ടാകും. സി.സി.ടി.വി വഴി നിരീക്ഷണവും ഏര്‍പ്പെടുത്തും.