മരട്: പനങ്ങാട് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളികാമറ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ഥികള്‍.
സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഹോസ്റ്റല്‍ പരിസരത്തെ സുരക്ഷ വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ നിവേദനം നല്കി. കുഫോസ് കാമ്പസിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന് മുന്നിലെത്തിയ വിദ്യാര്‍ഥിനികള്‍ കൂട്ടമായി ഒപ്പിട്ട നിവേദനമാണ് സമര്‍പ്പിച്ചത്.
ശൗചാലയത്തിലെ വെന്റിലേഷന് സുരക്ഷിതമാക്കുക, മതിലിന് ഉയരം കൂട്ടുക, സി.സി ടി.വി കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കുക, വഴിവിളക്കുകള്‍ സ്ഥാപിക്കുക, സുരക്ഷ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ഒന്നാംനിലയിലെ കുളിമുറിയില്‍ വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. കുളിമുറിയുടെ വെന്റിലേറ്ററില്‍ ഓണ്‍ചെയ്തുവെച്ച മൊബൈൽ കണ്ട പെണ്‍കുട്ടി നിലവിളിച്ചതോടെ മൊബൈലുമായി ഒരാള്‍ ഓടിപ്പോയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹോസ്റ്റല്‍ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഫോറന്‍സിക് വിഭാഗമെത്തി പരിശോധിച്ചിരുന്നു. രണ്ട് വിരലടയാളം ലഭിച്ചതായി സൂചനയുണ്ട്. ഹോസ്റ്റലിലെ സി.സി ടി.വി കാമറകള്‍ പ്രവര്‍ത്തനരഹിതമായതിനാലാണ് പ്രതിയെ പിടികൂടാന്‍ കാലതാമസം നേരിടുന്നത്. കുഫോസ് പരിസരം കാടുകയറിയതിനാല്‍ സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമാണ്. കാട് വെട്ടിത്തെളിക്കുമെന്നും ഉയരക്കുറവുള്ള മതിലില്‍ കമ്പിവേലി കെട്ടി സുരക്ഷ വര്‍ധിപ്പിക്കുമെന്നും കുഫോസ് അധികൃതര്‍ വ്യക്തമാക്കി.