തൃപ്പൂണിത്തുറ: ചൂരക്കാട് സ്ഫോടനം നടന്ന പ്രദേശത്തെ നാശനഷ്ടങ്ങളുടെ റിപ്പോർട്ട് കലക്ടർക്ക് കൈമാറി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30ഓടെയുണ്ടായ നാടിനെ നടുക്കിയ സ്ഫോടനം 329 വീടുകളെയാണ് ബാധിച്ചത്. ഇതിൽ 322 വീടുകൾക്ക് കേടുപാടുണ്ട്. ഒരു വീട് പൂർണമായും ആറെണ്ണം ഭാഗികമായും തകർന്നിട്ടുണ്ട്. നാല് സർക്കാർ ഓഫീസുകൾക്കും മൂന്ന് സ്വകാര്യ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
തൃപ്പൂണിത്തുറ നഗരസഭ നടത്തിയ കണക്കെടുപ്പിലാണ് ഇത്രയും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായതായി കണ്ടെത്തിയത്. ഭൂരിഭാഗം കെട്ടിടങ്ങളുടെയും ജനലുകൾ, മേൽക്കൂര, വാതിലുകൾക്കാണ് കേടുപാടുകൾ. നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട് കലക്ടർക്ക് കൈമാറിയതായി മുനിസിപ്പൽ എൻജിനീയർ ഓം പ്രകാശ് പറഞ്ഞു. കലക്ടർ ഈ റിപ്പോർട്ട് സർക്കാറിന് കൈമാറും. തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്താൻ കൊണ്ടുവന്ന സാമഗ്രികൾ പൊട്ടിത്തെറിച്ചായിരുന്നു അപകടം.